ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ

സംയുക്ത പ്രസ്താവനയിറക്കി യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ, ജോർദാൻ രാജ്യങ്ങൾ

Update: 2026-03-26 09:53 GMT

അബൂദബി: മേഖലയിലേക്കുള്ള ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ. യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിറക്കി ആക്രമണങ്ങളെ അപലപിച്ചത്. ആക്രമണം തങ്ങളുടെ പരമാധികാരം, പ്രദേശിക സമഗ്രത, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ എന്നിവയുടെ നഗ്‌ന ലംഘനമാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നേരിട്ടോ അല്ലെങ്കിൽ അവർ പിന്തുണയ്ക്കുന്ന സായുധ വിഭാഗങ്ങൾ വഴിയോ നടത്തുന്നവയും ഈ തരത്തിലാണ് പെടുന്നതെന്നും പറഞ്ഞു.

ഇറാഖിൽ നിന്ന് ഇറാനോട് അനുഭാവം പുലർത്തുന്ന സായുധ വിഭാഗങ്ങൾ മേഖലയിലെ നിരവധി രാജ്യങ്ങൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ലംഘനമാണെന്നും വിമർശിച്ചു. അനുഭാവം പുലർത്തുന്ന സംഘങ്ങളുടെ ഉപയോഗമടക്കം അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളും ഭീഷണികളും ഇറാൻ ഉടനടി നിരുപാധികമായി അവസാനിപ്പിക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

Advertising
Advertising

ഇറാഖുമായുള്ള സാഹോദര്യ ബന്ധം വിലമതിക്കുമ്പോൾ തന്നെ, അവിടെ നിന്നുള്ള വിഭാഗങ്ങളും സായുധ സംഘങ്ങളും അയൽ രാജ്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഇറാഖി സർക്കാരിനോട് ആവശ്യപ്പെട്ടു. സഹോദര ബന്ധം നിലനിർത്താനും കൂടുതൽ സംഘർഷം ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും ഓർമിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച്, ഇത്തരം ക്രിമിനൽ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇറാന്റെ വിശ്വസ്തരായ സ്ലീപ്പർ സെല്ലുകളും ഹിസ്ബുല്ലയുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളും ആസൂത്രണം ചെയ്യുന്ന, മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തികളെയും പ്രസ്താവനയിൽ അപലപിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News