മഴ; അടിയന്തിരസാഹചര്യങ്ങളെ നേരിടാൻ പ്രധാനകേന്ദ്രങ്ങളെ സജ്ജമാക്കും
പരിപാലനത്തിനായി 9,000 തൊഴിലാളികളും 2,000 യന്ത്രസാമഗ്രികളും
റിയാദ്: റിയാദ് നഗരത്തിലെ മഴമൂലമുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വിവിധ സുപ്രധാന കേന്ദ്രങ്ങളിൽ റിയാദ് മുനിസിപ്പാലിറ്റി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു. 9,000 തൊഴിലാളികളെയും രണ്ടായിരത്തിലധികം യന്ത്രസാമഗ്രികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫീൽഡ് പ്ലാനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക സംഘങ്ങളെയും യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
കൃത്യമായ പ്രവർത്തന പദ്ധതികളിലൂടെ വിഭവങ്ങൾ വിന്യസിക്കുന്നതിലൂടെ പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാനും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാനും സാധിക്കും. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രൈനേജ് ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ മുനിസിപ്പാലിറ്റി പൂർത്തിയാക്കി. ടണലുകൾ, പാലങ്ങൾ, പ്രധാന പാതകൾ എന്നിവടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നുണ്ട്. മഴസമയത്ത് വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി വെള്ളം വലിച്ചെടുക്കുന്ന മെഷീനുകളും മറ്റ് സജ്ജീകരണങ്ങളും തയ്യാറാക്കി മെയിന്റനൻസ് ടീമുകളുടെ സജ്ജത ഉറപ്പുവരുത്തിയിട്ടുണ്ട്. മഴക്കെടുതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും നഗരത്തിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിനും ഇത് സഹായിക്കും.
കാലാവസ്ഥാ വ്യതിയാനങ്ങൾ മുനിസിപ്പാലിറ്റി 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. തത്സമയ വിവരങ്ങൾ കൈമാറുന്ന സംവിധാനത്തിലൂടെ പ്രശ്നങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും മഴയുടെ ആഘാതം കുറയ്ക്കാനും സാധിക്കുന്നു. നഗരത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ ജീവിതസാഹചര്യം ഒരുക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.