ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾക്ക് ബദൽ മൂല്യനിർണയം; സർക്കുലർ പുറത്തിറക്കി
പരീക്ഷകൾ എഴുതിയ വിഷയങ്ങളുടെ ശരാശരി മാർക്കാണ് ബാക്കിയുള്ള പേപ്പറുകൾക്കും കണക്കാക്കുന്നത്
ദുബൈ: യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ബദൽ മൂല്യനിർണയ പദ്ധതി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. വെള്ളിയാഴ്ചയാണ് ബോർഡ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചത്.
മറ്റ് പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ആ വിഷയങ്ങളുടെ ശരാശരി മാർക്കാണ് ബാക്കിയുള്ള പേപ്പറുകൾക്കും കണക്കാക്കുന്നത്. തിയറി പേപ്പറിന്റെ മാർക്ക്, പ്രാക്ടിക്കൽ ഇന്റേണൽ മാർക്കുകൾ എന്നിവയുടെ മാർക്കുകൾ കണക്കിലെടുക്കും. 80, 70 മാർക്കുള്ള തിയറി വിഷയങ്ങൾക്ക് ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ പ്രകടനം സ്‌കൂളുകൾ ബോർഡിന് കൈമാറണം. ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് ഏതാണോ, അതായിരിക്കും അന്തിമ ഫലത്തിനായി കണക്കാക്കുക. ഈ മാർക്കുകൾ സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിൽ സ്‌കൂളുകൾ അപ്‌ലോഡ് ചെയ്യണം.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം പരീക്ഷാ ഷെഡ്യൂളിലുണ്ടായ തടസ്സങ്ങളെത്തുടർന്ന് പല പേപ്പറുകളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികളോട് നീതി പുലർത്തുന്നതിനായിട്ടാണ് പുതിയ മൂല്യനിർണയ രീതി അവതരിപ്പിച്ചത്. പരിഷ്കരിച്ച ഈ ചട്ടക്കൂട് അനുസരിച്ച്, പരീക്ഷ തടസ്സപ്പെട്ട വിദ്യാർത്ഥികളുടെ ഫലം ഒരു ബദൽ മൂല്യനിർണയ സംവിധാനത്തിലൂടെ തയ്യാറാക്കും.