റെട്രോ മാച്ച് ഡേ പ്രഖ്യാപിച്ച് ലാലീഗ, കളിക്കാൻ ഒരുക്കമല്ലെന്ന് റയലും ബാഴ്‌സയും
മാഡ്രിഡ് : ഏപ്രിലിൽ റെട്രോ മാച്ച് ഡേ പ്രഖ്യാപിച്ച് ലാലീഗ. ലീഗിലെ 20 ടീമുകളും തങ്ങളുടെ ഐതിഹാസികമായ ജേഴ്സികൾ കളത്തിലിറങ്ങുക എന്നതാണ് റെട്രോ മാച്ച് ഡേയുടെ ഉദ്ദേശം. ഏപ്രിൽ 10 മുതൽ 13 വരെ തീയതികളിലാണ് റെട്രോ മാച്ച് ഡേ നടത്താൻ ലാലീഗ തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്പ്യൻ ടോപ് ഡിവിഷൻ ലീഗുകളിൽ ആദ്യമായി ഇത്തരം ഒരു പദ്ധതിയുമായി എത്തിയ ലാലീഗക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ലീഗിലെ അതികായന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഉൾപ്പടെ ചില ക്ലബ്ബുകൾ ലീഗിന്റെ ഈ തീരുമാനത്തോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ലോജിസ്റ്റിക്കൽ പ്രശ്നങ്ങളെ തുടർന്നാണ് തങ്ങൾ പിന്മാറുന്നതെന്നാണ് ബാഴ്‌സയുടെ വാദം. എന്നാൽ റയൽ എന്തുകൊണ്ട് ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല എന്നത് വ്യക്തമല്ല. റയോ വയ്യക്കാനോ, ഗെറ്റാഫെ എന്നിവരും ഈ ക്യാംപെയ്നിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.
മത്സരം നിയന്ത്രിക്കുന്ന റഫറിമാരും മാച്ച് ഒഫീഷ്യലുകളും ഇത്തരം റെട്രോ കിറ്റുകൾ ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുക. മാച്ച് ബോളുകളും ടിവി ഗ്രാഫിക്‌സും അടക്കം സകല വിഭാഗത്തിലും റെട്രോ ലുക്ക് കൊണ്ടുവരാനും ലാലീഗ തയ്യാറെടുക്കുന്നുണ്ട്.