ഇറാന്‍ സൈന്യവുമായി ബന്ധം; സൌദിയില്‍ നാലു പേര്‍ക്ക് വധശിക്ഷ

Update: 2018-06-11 12:12 GMT
Editor : Ubaid
ഇറാന്‍ സൈന്യവുമായി ബന്ധം; സൌദിയില്‍ നാലു പേര്‍ക്ക് വധശിക്ഷ
Advertising

സൌദിയിലെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിനും ശ്രമിച്ചതിനാണ് സൌദി പ്രത്യേക ക്രിമിനല്‍ കോടതി ഇവരെ വധശിക്ഷക്ക് വിധിച്ചത്

ഇറാനില്‍ സൈനിക പരിശീലനം നേടി രാജ്യത്തെ ഒറ്റാന്‍ ശ്രമിച്ചതിന് സൌദിയില്‍ നാലു പേര്‍ക്ക് വധശിക്ഷ. സ്ഫോടനത്തിനുള്‍പ്പെടെ ശ്രമിച്ച നാലു പേരെയും സൌദിയിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്. ‌രാജ്യസുരക്ഷക്ക് ഭീഷണിയുണ്ടാക്കി അസ്ഥിരതക്ക് ശ്രമിച്ചതിനാണ് ശിക്ഷ‌യെന്ന് കോടതി വ്യക്തമാക്കി.

‌വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സൌദിയിലെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിനും ശ്രമിച്ചതിനാണ് സൌദി പ്രത്യേക ക്രിമിനല്‍ കോടതി ഇവരെ വധശിക്ഷക്ക് വിധിച്ചത്. പിടിയിലായ നാലു പേര്‍ക്കെതിരായ കുറ്റങ്ങള്‍ ഇവയായിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിന്റെ പരിശീലനം നേടി, രാജ്യത്തെ പ്രമുഖരെ സ്ഫോടനത്തിലൂടെ വധിക്കാന്‍ ശ്രമം. ഇതിനായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംഘടിപ്പിക്കല്‍. രാജ്യത്തെ സുരക്ഷാ സേനയെ തെറ്റിദ്ധരിപ്പിച്ച് തന്ത്രപ്രധാന നീക്കം നടത്തി എന്നിങ്ങിനെയാണ് ചുമത്തിയ കുറ്റങ്ങള്‍. കുറ്റം തെളിയിക്കപ്പെട്ടതായും മൂന്നംഗ ജഡ്ജിമാരുടെ ബഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക വാര്‍ത്താ വിനിമയ സംവിധാനം നാലുപേരും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇറാനില്‍ ആയുധ പരിശീലനത്തിന് പോകാന്‍ സഹായിച്ച ട്രാവല്‍സ് അടച്ചു പൂട്ടിയിട്ടുണ്ട്. പ്രതികള്‍ക്ക് മേല്‍ കോടതിയില്‍ മുപ്പത് ദിവസത്തിനകം അപ്പീലിന് പോകാം.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News