ലോകകപ്പ്, ഏഷ്യാകപ്പ് സംയുക്ത യോഗ്യതാ റൌണ്ടില്‍ ഇന്ന് ഇന്ത്യ ഖത്തര്‍ പോരാട്ടം

ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ മുപ്പത് ശതമാനം കാണികള്‍ക്ക് പ്രവേശനം

Update: 2021-06-03 09:05 GMT
Advertising

2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യന്‍ കപ്പിനുമായുള്ള സംയുക്ത യോഗ്യതാ റൌണ്ടിലെ ഗ്രൂപ്പ് ഇ മത്സരങ്ങള്‍ ഇന്ന് ദോഹയില്‍ പുനരാരംഭിക്കുന്നു. വൈകീട്ട് നടക്കുന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ രാത്രി എട്ടിന് ആതിഥേയരായ ഖത്തറും ഇന്ത്യയും തമ്മിലാണ് മത്സരം. ഇന്ത്യയില്‍ വെച്ച് നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ഖത്തറിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ദോഹയില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഖത്തറിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് ഇഗര്‍ സ്റ്റിമാച്ചും ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും പറഞ്ഞു.

ഒറ്റ മത്സരം പോലും ജയിക്കാതെ ലോകകപ്പ് യോഗ്യത അസ്ഥാനത്തായെങ്കിലും ഏഷ്യാകപ്പ് യോഗ്യതാ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് പരാജയം ഒഴിവാക്കിയേ തീരൂ. ഒമാന്‍ യുഎഇ എന്നിവര്‍ക്കെതിരെ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ തിരിച്ചുവരവില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. പ്രതിരോധ നിരയില്‍ സന്ദേഷ് ജിങ്കനും ചിങ്ക്ളന്‍സന സിങും ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പയ്ക്കൊപ്പം മലയാളി താരം സഹല്‍ അബ്ധുസ്സമദും ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.

മറുവശത്ത് ആതിഥേയരെന്ന നിലയില്‍ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പിലെ ഒന്നാമന്മരാായി ഏഷ്യന്‍ കപ്പ് യോഗ്യതയും ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാം.

ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. സ്റ്റേഡിയത്തിന്‍റെ ആകെ ശേഷിയുടെ 30 ശതമാനം കാണികളെ പ്രവേശിപ്പിച്ച് നടക്കുന്ന മത്സരത്തിനായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വാക്സിനേഷന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കോവിഡ് വന്ന് മാറിയവര്‍ക്കുമാണ് ടിക്കറ്റ് ലഭിക്കുക. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഇതിനകം ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News