ജി.സി.സിയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിനുള്ള കരാറായി

ഇറാഖിലെ അൽ ഫാവ് തുറമുഖത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി

Update: 2024-04-23 17:11 GMT

ദോഹ: ജി.സി.സിയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിനുള്ള കരാറായി. ഇറാഖിലെ അൽ ഫാവ് തുറമുഖത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കുവൈത്തിനും ഇറാനുമിടയിൽ അറേബ്യൻ ഉൾകടലിലേക്ക് ഇറങ്ങി നിൽക്കുന്ന അൽ ഫാവ് തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് വൻ നവീകരണ പദ്ധതികൾക്കാണ് ഇറാഖ് തുടക്കം കുറിച്ചത്. 1200 കിലോമീറ്റർ ദൂരമുള്ള റോഡിന് 1700 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇറാഖിൽ നിന്നും തുർക്കിയയിലേക്കാണ് റോഡ് നീണ്ടു കിടക്കുന്നത്. തുർക്കിയിൽ നിന്ന് ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കും ഈ റോഡ് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നും ചരക്കുകൾ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റോഡുമാർഗം എത്തിക്കുകയാണ് 'അൽ ഫാവ് റോഡ് പ്രൊജക്ട് ലക്ഷ്യം. ഇറാഖിനകത്തു മാത്രമായി 1200 കിലോമീറ്റർ ദൈർഘ്യമേറിയ റോഡ് റെയിൽ നിർമാണമാണ് ഇതു വഴി പൂർത്തിയാക്കുന്നത്.

Advertising
Advertising

പദ്ധതി മേഖലയുടെ സാമ്പത്തിക കുതിപ്പിൽ നിർണായകമാകും. മൂന്നു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം 2028ലും, രണ്ടാം ഘട്ടം 2033ലും, മൂന്നാം ഘട്ടം 2050ലുമായി പൂർത്തിയാക്കും. ബഗ്ദാദിൽ നടന്ന ചടങ്ങിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുദാനി, തുർക്കിയ പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ എന്നിവർ പങ്കെടുത്തു. ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻസൈഫ് അൽ സുലൈതി, യു.എ.ഇ ഊർജ-അടിസ്ഥാന സൗകര്യ വിഭാഗം മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂഇ, തുർക്കിയ, ഇറാഖ് ഗതാഗത മന്ത്രിമാർ എന്നിവർ ഒപ്പുവെച്ചു. നാലു രാജ്യങ്ങളുടെയും സംയുക്ത പദ്ധതിയായാണ് നിർമാണം നടക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News