കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ നിന്നുള്ള സംഭാവന നിർണായകം: യുഎൻ അഭയാർഥി ഏജൻസി

2025ൽ സമാഹരിച്ചത് 3.94 കോടി ഡോളർ, 60 ശതമാനവും സകാത്ത്

Update: 2026-03-14 11:25 GMT

ദുബൈ: ആഗോള സഹായ ബജറ്റുകൾ ചുരുങ്ങവേ, ലോകത്തെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് യുഎഇയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള സകാത്ത്, സദഖ സംഭാവനകൾ നിർണായകമായ സഹായമായി മാറിയിരിക്കുന്നുവെന്ന് യുഎൻ അഭയാർഥി ഏജൻസി. 2025-ൽ, യുഎഇയിൽ നിന്നും മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രദേശങ്ങളിൽ നിന്നുമുള്ള സകാത്തും സദഖയുമായി സമാഹരിച്ചത് 3.94 കോടി ഡോളറാണെന്ന് ജിസിസിയിലെ യുഎൻഎച്ച്‌സിആർ പ്രതിനിധിയും മുതിർന്ന ഉപദേഷ്ടാവുമായ ഡോ. ഖാലിദ് ഖലീഫ പറഞ്ഞു. 25 രാജ്യങ്ങളിലെ 10 ലക്ഷത്തിലധികം കുടിയിറക്കപ്പെട്ടവർക്ക് വേണ്ടിയായിരുന്നുവിതെന്നും വ്യക്തമാക്കി. ഈ തുകയുടെ 60 ശതമാനവും സകാത്തായിരുന്നുവെന്നും 17 രാജ്യങ്ങളിലായി 5,79,000-ത്തിലധികം ആളുകൾക്കാണ് ഇത് തുണയായതെന്നും പറഞ്ഞു. ഏജൻസിയുടെ ഇസ്‌ലാമിക് ഫിലാന്ത്രോപ്പി വാർഷിക റിപ്പോർട്ട് 2025-മായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോ. ഖാലിദ് ഖലീഫ ഇക്കാര്യം പറഞ്ഞത്.

Advertising
Advertising

സമീപ വർഷങ്ങളിൽ ഏറ്റവും ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് യുഎൻഎച്ച്‌സിആർ നേരിടുന്നതെന്നും പറഞ്ഞു. ഇത് വിവിധ രാജ്യങ്ങളിലെ നിരവധി പരിപാടികൾ കുറയ്ക്കാൻ ഏജൻസിയെ നിർബന്ധിതരാക്കുകയാണെന്നും വ്യക്തമാക്കി. 2025 ൽ, UNHCR ന് 3.5 ബില്യൺ ഡോളറാണ് സംഭാവന ലഭിച്ചതെന്നനും 2024 നെ അപേക്ഷിച്ച് ഏകദേശം 1.4 ബില്യൺ ഡോളർ (28%) കുറവാണിതെന്നും ചൂണ്ടിക്കാട്ടി.

UNHCR അഭയാർഥി സകാത്ത് ഫണ്ടുകൾ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അടിയന്തര ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനാണ് നൽകുന്നത്. ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയവക്കാണ് ഇവ ഉപയോഗിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News