എഐ ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ പത്ത് പ്രവാസികൾ അറസ്റ്റിൽ
പിടിയിലായവരിൽ രണ്ട് ഇന്ത്യക്കാരും
ദുബൈ: യുഎഇയിലെ വിവിധ ഇടങ്ങളിൽ വ്യോമാക്രമണങ്ങൾ നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച പത്ത് വിദേശികളെ അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യക്കാരാണ് പിടിയിലായത്. രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന യഥാർത്ഥ ദൃശ്യങ്ങളും, ഇതിന് പുറമെ എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ദൃശ്യങ്ങളും ഇവർ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ പ്രമുഖ സ്ഥലങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായും വലിയ രീതിയിലുള്ള തീപിടിത്തം ഉണ്ടായതായും തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും തെറ്റായ വിവരങ്ങൾ കൈമാറാനും പ്രതികൾ ബോധപൂർവം ശ്രമിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ യുഎഇയിലേത് എന്ന പേരിൽ പ്രചരിപ്പിക്കുകയും, കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതിലൂടെ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കാൻ ഇവർ ശ്രമിച്ചു. യഥാർത്ഥ പ്രതിരോധ ദൃശ്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ശത്രുക്കൾക്ക് ചോരാൻ കാരണമാകുമെന്നും, ഇത് ദേശീയ സുരക്ഷയെ അപകടപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
പിടിക്കപ്പെട്ട പത്ത് പേരെയും നിലവിൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. യുഎഇ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷത്തെ തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ ലഭിക്കുക. സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.