യുദ്ധം: മിഡിൽ ഈസ്റ്റിൽ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സർവീസുകൾ
ഷെഡ്യൂൾ ചെയ്തത് 78,500 സർവീസുകൾ
മസ്‌കത്ത്: ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ മിഡിൽ ഈസ്റ്റിൽ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സർവീസുകൾ. ആകെ ഷെഡ്യൂൾ ചെയ്തത് 78,500 സർവീസുകൾ. ജിസിസിയിൽ വിമാന റദ്ദാക്കലുകൾ ഏറ്റവും കുറവ് ബാധിച്ച വിമാനത്താവളങ്ങൾ ജിദ്ദ (8.94%), മസ്‌കത്ത് (16.67%), റിയാദ് (10.15%), ദമ്മാം (21.24%), ഷാർജ (35.19%) എന്നിവയാണ്. ദുബൈയിൽ 30.02% റദ്ദാക്കി, മിക്ക വിമാനങ്ങളും ഇന്ത്യൻ നഗരങ്ങളിലേക്കുള്ളവയാണ്. ദോഹ വിമാനത്താവളത്തിൽ 94.00% ആണ് റദ്ദാക്കൽ. പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസുകൾ നടത്തുന്നത്. ഫെബ്രുവരി 28 മുതൽ ഇന്നുവരെ വാണിജ്യ വിമാനങ്ങൾക്ക് ബഹ്റൈൻ വ്യോമാതിർത്തി പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, മാർച്ച് 10 ന് മസ്‌കത്തിൽ നിന്ന് 56 വിമാനങ്ങളും ദോഹയിൽ നിന്ന് 15 വിമാനങ്ങളും അബൂദബിയിൽ നിന്ന് 27 വിമാനങ്ങളും ദുബൈയിൽ നിന്ന് 161 വിമാനങ്ങളും പുറപ്പെട്ടതായാണ് വ്യോമയാന അനലിറ്റിക്‌സ് കമ്പനിയായ സിറിയം പറയുന്നത്.
അതേസമയം, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണപോലെ പ്രവർത്തിക്കുമെന്നും തങ്ങളുടെ സർവീസ് തുടരുമെന്നും ഒമാൻ എയർ അറിയിച്ചു.