ഒമാനിൽ കര, കടൽ, വ്യോമ ഗതാഗത പ്രവർത്തനങ്ങൾ എല്ലാം സാധാരണ നിലയിൽ

ജിസിസിയിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കുന്നത് തുടരും

Update: 2026-03-10 16:54 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിൽ കര, കടൽ, വ്യോമ ഗതാഗത പ്രവർത്തനങ്ങൾ എല്ലാം സാധാരണ നിലയിൽ തുടരുകയാണെന്ന് ഗതാഗത, ആശയവിനിമയ മന്ത്രാലയം. രാജ്യത്തുടനീളമുള്ള ഗതാഗത സേവനങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും ആളുകളുടെ സഞ്ചാരവും ചരക്ക് ഗതാഗതവും തടസമില്ലാതെ തുടരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പൂർണ പ്രതിബദ്ധതയാണ് ഒമാൻ തുടരുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

സുൽത്താനേറ്റിലെ ഗതാഗത പ്രവർത്തനങ്ങൾ എല്ലാം ആഗോള നിയന്ത്രണങ്ങൾക്കും മികച്ച പ്രവർത്തനരീതികൾക്കും അനുസൃതമായാണ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഒമാൻ സൗകര്യം ഒരുക്കുന്നത് തുടരുകയാണ്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെയും ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത്. മേഖലയിലെ ചില രാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചിടുന്നതും ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നതും കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമായി ഒമാൻ മുന്നോട്ടുവരുന്നത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News