ഖത്തര്‍ അമീര്‍ സൌദിയിലെത്തി, സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി

Update: 2021-05-11 02:08 GMT
Advertising

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തി. ജിദ്ദ കിങ് അബ്ദുല്‍ അസീസ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അമീറിന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് രാജാവിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തി.



സല്‍മാന്‍ രാജാവുമായുള്ള അമീറിന്‍റെ കൂടിക്കാഴ്ച്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൌഹൃദ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. പലസ്തീന്‍ വിഷയത്തില്‍ ഏറ്റവും ഒടുവിലത്തെ സാഹചര്യങ്ങളും ഇരുവരും വിലയിരുത്തും. അല്‍ അഖ്സയിലും ഗസയിലും ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.

 


ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കഴിഞ്ഞ മാസം ദോഹയില്‍ നേരിട്ടെത്തി സൌദി രാജാവിന്‍റെ ക്ഷണക്കത്ത് അമീറിന് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോഴത്തെ സന്ദര്‍ശനം



Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News