ഖത്തറിൽ ശൈത്യകാല കാമ്പിങ്ങിന് മുന്നോടിയായി സീലൈൻ മെഡിക്കൽ ക്ലിനിക്ക് നാളെ പ്രവർത്തനം തുടങ്ങും

കാമ്പിനായി ഒരുങ്ങുന്നവർ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Update: 2021-10-20 16:37 GMT
Editor : dibin | By : Web Desk
Advertising

ഖത്തറിൽ ശൈത്യകാല കാമ്പിങ്ങിന് മുന്നോടിയായി സീലൈൻ മെഡിക്കൽ ക്ലിനിക്ക് നാളെ പ്രവർത്തനം തുടങ്ങും. കാമ്പിനായി ഒരുങ്ങുന്നവർ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിൽ ചൂട് കാലം മാറി ശൈത്യകാലം ആരംഭിക്കുന്നതോടെയാണ് മരുഭൂമിയിലെ കാമ്പിങ്ങിന് തുടക്കമാകുക. അനുമതിയുള്ള മരുഭൂ മേഖലകളിൽ ടെൻറുകൾ കെട്ടി താമസിക്കുന്നതാണ് വിന്റർ കാമ്പിങ്.

ഇത്തവണത്തെ കാമ്പിങ് ആരംഭിക്കാനിരിക്കെയാണ് സീലൈൻ മേഖലയിൽ പൊതുജനാരോഗ്യവിഭാഗമായ എച്ച്എംസി താൽക്കാലിക മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം തുടങ്ങുന്നത്. നാളെ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ക്ലിനിക്കിൻറെ പ്രവർത്തനോൽഘാടനം നടക്കും. കഴിഞ്ഞ പന്ത്രണ്ട് വർഷമായി എല്ലാ ശൈത്യകാലത്തും ഈ താൽക്കാലിക ക്ലിനിക്ക് പ്രവർത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്താണ് കാമ്പിങ് നടക്കുന്നതെന്നതിനാൽ ആരോഗ്യമന്ത്രാലയം നിർദേശിച്ച സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണമെന്ന് ക്ലിനിക്ക് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ അലി അബ്ദുള്ള അൽ ഖാതിർ പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ കാമ്പിങിനൊരുങ്ങുന്നവർക്കായുള്ള പ്രത്യേക മാർഗ നിര്‌ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സീലൈൻ മേഖലയിലെ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിംഗ് ഏരിയ, പ്രദേശത്തെ മറ്റ് സേവനങ്ങളും സൗകര്യങ്ങളും എന്നിവയോട് ചേർന്നുള്ള പ്രധാന റോഡിലാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. ക്ലിനിക്കിലേക്ക് എളുപ്പത്തിലെത്താൻ ഇത് ഉപകരിക്കുന്നു. പൊതുജനങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും പ്രഥമ ശുശ്രൂഷ സേവനങ്ങൾ നൽകാൻ ക്ലിനിക്കിലെ മെഡിക്കൽ ടീം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. കാമ്പിങിനിടെ ഉണ്ടാകുന്ന പരിക്കുകൾക്കും അസുഖങ്ങൾക്കും അടിയന്തിര ചികിത്സ നൽകാനുള്ള സൌകര്യം ക്ലിനിക്കിലുണ്ടാകും. മരുഭൂമിയിലൂടെ വേഗത്തിൽ ഓടാവുന്ന നാല് ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമായിരിക്കും. ഒപ്പം പരിക്കോ അസുഖങ്ങളോ ഗുരുതരമാണെങ്കിൽ എച്ച്എംസി പ്രധാന ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാനുള്ള ഹെലികോപ്റ്റർ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News