കര്‍ഷക പ്രക്ഷോഭത്തിന് ആഗോള പിന്തുണ; സിനിമ താരങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ, തുടങ്ങിയവരാണ് കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്

Update: 2021-02-03 12:49 GMT
Advertising

കർഷക സമരത്തിനു രാജ്യാന്തര പ്രശസ്തർ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് താരങ്ങളെ ഉപയോഗിച്ച് പ്രതിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. സിനിമ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, തുടങ്ങിയവരാണ് കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

‘ഇന്ത്യയ്‌ക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ അഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറിൽ ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. കർഷകർ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണ്’– വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ് കുമാർ പറഞ്ഞു.

‘പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്’– കരൺ ജോഹർ പറഞ്ഞു.

‘അർധ സത്യത്തേക്കാൾ അപകടകരമായ ഒന്നുമില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തണം.’– കേന്ദ്രത്തെ പിന്തുണച്ച് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്‍ഗണും ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാജ്യാന്തര പോപ്പ് താരം റിഹാന, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് എന്തുകൊണ്ടാണ് ചർച്ച നടത്താത്തതെന്നു ട്വീറ്റ് ചെയ്തിരുന്നു. റിഹാനയുടെ ട്വീറ്റോടെ രാജ്യാന്തര തലത്തില്‍ കൂടുതൽ പ്രമുഖർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Tags:    

Similar News