ഓർമകളല്ലേ എല്ലാം.. മറവിക്ക് പിടികൊടുക്കരുത്; അൽഷിമേഴ്‌സിന് വിലങ്ങിടാൻ അഞ്ച് കാര്യങ്ങൾ

ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി സ്വന്തം ഭാഷ പോലും മറന്നുപോകുന്ന ഗുരുതരാവസ്ഥയിലേക്ക് അൽഷിമേഴ്‌സ് നയിക്കും

Update: 2022-12-03 16:18 GMT
Editor : banuisahak | By : Web Desk
Advertising

മറവി ചിലപ്പോൾ അനുഗ്രഹവും ചില നേരങ്ങളിൽ ശാപവുമാകാറുണ്ടെന്ന് കേട്ടിട്ടില്ലേ..ഓർമയും മറവിയും ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴല്ലേ സമാധാനം എന്തെന്ന് നാമറിയൂ. മറവി കൂടുതലായി ഓർമയെ ബാധിച്ചാൽ ഒരു രോഗാവസ്ഥയായി മാറും. ഈ ഓർമ്മകളെയും മറവിയെയും നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിലെ ഒരു ഇത്തിരിക്കുഞ്ഞൻ ന്യൂറോൺ ആണ്. കോടാനുകോടി ന്യൂറോണുകൾ നമ്മുടെ തലച്ചോറിൽ നിരന്തരം പണിയെടുക്കുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ ഈ പ്രവർത്തനം താളംതെറ്റുമ്പോൾ തലച്ചോറിന്റെ പ്രവർത്തനം തന്നെ കീഴ്മേൽ മാറിയും. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏത് രോഗാവസ്ഥയും മറവിയിലേക്ക് വഴിതെളിക്കും. ഇങ്ങനെ ഓർമകളുടെ താളംതെറ്റിക്കുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്‌സ്. 

ഡിമെൻഷ്യ എന്ന് വിളിക്കുന്ന തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയുടെ സാധാരണ രൂപമാണ് അൽഷിമേഴ്‌സ്. ഈ നൂറ്റാണ്ടിന്റെ രോഗമെന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. പ്രായമായവരെയാണ് ഈ രോഗം സാധാരണയായി പിടികൂടാറുള്ളത്. അറുപത് വയസിന് ശേഷമാണ് പ്രധാനമായും അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. സാധനങ്ങൾ വെച്ച സ്ഥലം മറക്കുക, ദിനവും ചെയ്യുന്ന കാര്യങ്ങൾ മാറിപ്പോവുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി സ്വന്തം ഭാഷ പോലും മറന്നുപോകുന്ന ഗുരുതരാവസ്ഥയിലേക്ക് അൽഷിമേഴ്‌സ് നയിക്കും. 

ഘട്ടം ഘട്ടമായി ഗുരുതരമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.  പ്രാഥമികാവശ്യങ്ങൾക്കു പോലും ബാഹ്യസഹായം ആവശ്യമായി വന്നേക്കാം. ജീവിതത്തിന്റെ പല മേഖലകളിലും മറവി പിന്തുടരുന്ന അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല അല്ലേ! പല രോഗങ്ങളെയും വിളിച്ചുവരുത്തുന്നത് ഒരു പരിധി വരെ നമ്മുടെ ജീവിതശൈലികൾ തന്നെയാകാം. ചികിൽസിച്ച് ഭേദമാക്കാൻ കഴിയില്ലെങ്കിലും അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതാ:-

  • പുകവലി വേണ്ട 

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന വാചകം ദിവസത്തിൽ ഒരു തവണയെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഒരു കൊലയാളിയെയാണ് പുകവലിക്കാർ ഒപ്പം കൊണ്ടുനടക്കുന്നത്. ഈ ശീലം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണംചെയ്യും. ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയും പുകവലി ഉപേക്ഷിക്കുന്നതിലൂടെ സാധിക്കും. ഉടനടി നിർത്താൻ സാധിച്ചില്ലെങ്കിൽ പതുക്കെ പതുക്കെ ഈ ശീലം കുറച്ച് കൊണ്ടുവരാവുന്നതാണ്. 


  • അമിതമായ മദ്യപാനം 

മദ്യപാനം ഇപ്പോൾ ഒരു സാധാരണ ശീലമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനം കാലക്രമേണ വർധിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. ഇത് തലച്ചോറിലുണ്ടാക്കുന്ന ദോഷങ്ങൾ ഗുരുതരമാണ്. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. മറവിരോഗത്തിലേക്ക് നയിക്കുന്ന ഒരു ഘടകം അമിത മദ്യപാനമാണ്. അതിനാൽ, ഈ ശീലത്തോടും വിടപറയാം. 



  • സമീകൃതാഹാരം 

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കുകയാണ് ഉചിതം. പകരം, പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയുൾപ്പടെയുള്ള ഭക്ഷണങ്ങൾ കഴിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. 



  • വ്യായാമം 

ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നതിന്റെ പ്രാധാന്യം നമുക്കറിയാമല്ലോ. എല്ലാ ആഴ്‌ചയിലും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ശീലമാക്കുക. മിതമായ തീവ്രതയുള്ള എയറോബിക് ആക്ടിവിറ്റികൾ ((സൈക്ലിംഗ് അല്ലെങ്കിൽ ഫാസ്റ്റ് വാക്കിംഗ് പോലുള്ളവ) ശീലിക്കുന്നത് നല്ലതാകും. 


  • പരിശോധനകൾ മുടക്കരുത് 

അൽഷിമേഴ്‌സിനെ തടയാൻ കഴിഞ്ഞില്ലെങ്കിലും നേരത്തെ രോഗം കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാകും. ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ശ്രദ്ധിക്കണം. 

ഒരിക്കൽ പിടിപെട്ടുകഴിഞ്ഞാൽ പിന്നീടൊരു തിരിച്ചുവരവില്ല എന്നതാണ് അൽഷിമേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഓരോ 3 സെക്കൻഡിലും ലോകത്ത് ഒരാൾ മറവിരോഗത്തിന് അടിപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News