നോൺ സ്റ്റിക് പാനിലെ കോട്ടിങ് പോയ ശേഷവും ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇതു കൂടി അറിഞ്ഞിരിക്കുക; മുന്നറിയിപ്പുമായി വിദഗ്ധർ

പാചകത്തിന് സൗകര്യപ്രദമായ ഒന്നായാണ് പലരും നോൺ സ്റ്റിക് പാത്രങ്ങളെ കാണുന്നത്

Update: 2024-05-19 11:25 GMT
Editor : Lissy P | By : Web Desk
Advertising

കരിപിടിച്ച പാത്രങ്ങളും അടുപ്പുകളുമെല്ലാം അടുക്കളയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഗ്യാസ് അടുപ്പുകളും അവക്ക് അനുയോജ്യമായ പാത്രങ്ങളുമാണ് അടുക്കളകൾ ഇന്ന് ഭരിക്കുന്നത്. നോൺ സ്റ്റിക് പാത്രങ്ങളാണ് ഇന്ന് മിക്ക അടുക്കളകളിലും കൂടുതലുമുള്ളത്. നോൺ സ്റ്റിക് പാത്രങ്ങളിൽ പാകം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നേരത്തെ തന്നെ ആരോഗ്യവിദ്ഗധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പാകം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. നോൺ സ്റ്റിക് പാനുകളിലെ സെറാമിക് കോട്ടിങ് ഇളകി പോയശേഷവും അത് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ അടുത്തിടെ പുറത്ത് വിട്ട പഠനത്തിൽ പറയുന്നു. നോൺ സ്റ്റിക് പാത്രങ്ങൾക്ക് പകരം സെറാമിക്, കാസ്റ്റ് അയേൺ, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവ തെരഞ്ഞെടുക്കാനും ഐസിഎംആർ നിർദ്ദേശിച്ചിട്ടുണ്ട്.

എന്തുകൊണ്ട് നോൺ-സ്റ്റിക്ക് പാത്രങ്ങൾ അപകടകാരികളാവുന്നു ?

ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും അടുത്തിടെയാണ് പതിനേഴിന മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അതിലാണ് നോൺ സ്റ്റിക് പാത്രങ്ങളുടെ അപകടസാധ്യതകളെക്കുറിച്ചും പരാമർശിക്കുന്നത്. പാചകത്തിന് സൗകര്യപ്രദമായ ഓപ്ഷനായാണ് പലരും നോൺ സ്റ്റിക് പാത്രങ്ങളെ കാണുന്നത്. മറ്റ് പാത്രങ്ങളെപ്പോലെ ഭക്ഷണം അടിയിൽ പിടിക്കില്ല, പാചകത്തിന് കുറച്ച് എണ്ണ മാത്രമേ ചെലവാകൂ,പാത്രം വൃത്തിയാക്കാനും എളുപ്പമാണ് തുടങ്ങിയവയാണ് ഇവ അടുക്കളയിൽ മുൻനിര സ്ഥാനം പിടിക്കാനുള്ള പ്രധാന കാരണങ്ങൾ.

എന്നാൽ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ കോട്ടിങ്ങായി ഉപയോഗിക്കുന്നത് ടെഫ്‌ലോൺ എന്ന പെർഫ്‌ലൂറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ), പെർഫ്‌ലൂറോക്റ്റനെസൾഫോണിക് ആസിഡ് (പിഎഫ്ഒഎസ്) തുടങ്ങിയ രാസവസ്തുക്കളാണ്. നോൺ-സ്റ്റിക്ക് പാത്രങ്ങൾ അതായത് 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാകുമ്പോൾ ഈ രാസവസ്തുക്കൾ വായുവിലേക്ക് വിഷപുകകൾ പുറമെ തള്ളും.ഇത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്കും കലരാൻ സാധ്യതയുണ്ടെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകുന്നു.മാത്രവുമല്ല ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, തൈറോയ്ഡ് തകരാറുകൾ, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, നോൺ-സ്റ്റിക്ക് പാത്രങ്ങള്‍ പരിസ്ഥിതിക്കും ദോഷകരമാണ്.    ഇത്തരം പാത്രങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിനും പരിസ്ഥിതി നശീകരണത്തിനും കാരണമാകും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പാചക ആവശ്യങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണമെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിക്കുന്നു. സെറാമിക്,കളിമണ്ണ്, കാസ്റ്റ് ഇരുമ്പ് തുടങ്ങിയവ നോണ്‍ സ്റ്റിക് പാനിന് പകരം ഉപയോഗിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നോൺ-സ്റ്റിക്ക് പാത്രങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

  • ഒഴിഞ്ഞ പാൻ ചൂടാക്കുന്നത് ഒഴിവാക്കണം,കാരണം ഇവ വേഗത്തിൽ ചൂടാകുകയും വിഷപുകകൾ പുറത്ത് വിടുകയും ചെയ്യും.
  • ചെറുതും ഇടത്തരവുമായ തീയിൽ പാകം ചെയ്യുന്നതാണ് അനുയോജ്യം.
  • നോൺ-സ്റ്റിക്ക് പാനുകളിൽ പാചകം ചെയ്യുമ്പോൾ ചിമ്മിനി അല്ലെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്.
  • കഴുകുമ്പോൾ നോൺ-സ്റ്റിക്ക് കോട്ടിംഗ് കേടുവരാത്ത രീതിയിൽ സ്‌പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് മൃദുവായി കഴുകുക
  • കോട്ടിംഗ് നശിക്കുമ്പോൾ പാത്രങ്ങൾ ഒഴിവാക്കാം.
  • സ്റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് ഇരുമ്പ്, കല്ല്, സെറാമിക് കുക്ക് വെയർ എന്നിവയിൽ പാചകം ചെയ്യുന്നതാണ് നല്ലത്.

ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാകുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.  ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും ചേർത്ത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ പല വിധ രോഗങ്ങളെയും വിളിച്ചുവരുത്തും. ഈ ചേരുവകൾ അമിതമായി ചേർക്കുന്നത് പലപ്പോഴും അമിതവണ്ണം പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കും.ഈ ഭക്ഷണങ്ങളിൽ പോഷകങ്ങളുടെ അളവ് വളരെ കുറവും കലോറിയുടെ അളവ് വളരെ കൂടുതലുമായിരിക്കും.കൂടാതെ, ഭക്ഷണങ്ങളില്‍ അമിതമായ ഉപ്പ് ചേർക്കുന്നത് ഹൈപ്പർടെൻഷന്റെ സാധ്യത വർധിപ്പിക്കുകയും വൃക്കകളെയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇത് പലവിധ രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഐ.സി.എമ്മാർ മുന്നറിയിപ്പ് നൽകുന്നു.

അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ കുറവുള്ള ഭക്ഷണക്രമം അനീമിയ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. ഇത് ഓർമ്മയെയും പഠനശേഷിയെയും ദുർബലപ്പെടുത്തുകയും ചെയ്യും.ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ചു ഗ്രാമിലും പഞ്ചസാരയുടെ അളവ് 25 ഗ്രാമിലും കൂടുതരുതെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News