പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക അടുക്കളയിലെ അനിവാര്യമായ ഘടകമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷണം പാഴ്സലായി നല്‍കുന്നതും പ്ലാസ്റ്റിക് പാത്രങ്ങളിലാണ്. ഈ പാത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളായ ബിസ്ഫെനോൾ എ (ബിപിഎ), ഫ്താലേറ്റുകൾ എന്നിവ ആരോഗ്യത്തിന് അപകടമാണ്. ചില പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലേക്ക് ഇത്തരം ദോഷകരമായ രാസവസ്തുക്കൾ ഒഴുക്കിവിടും. കാലക്രമേണ ഈ രാസവസ്തുക്കൾ ഹോർമോണുകളെയും ദഹനത്തെയും തടസ്സപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
ചൂടുള്ള കറികൾ
പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ബിപിഎ പോലുള്ള രാസവസ്തുക്കൾ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഏത് ഭക്ഷണവും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ അവ നന്നായി തണുത്തെന്ന് ഉറപ്പ് വരുത്തണം. ചൂടുള്ള കറികളും സൂപ്പുകളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് കലരുകയും അവയുടെ രുചിമാറ്റത്തിനും കാരണമാകുകയും ചെയ്യും.
തക്കാളി സോസുകള്‍
തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആസിഡുകള്‍ പ്ലാസ്റ്റിക് പാത്രത്തിലെ രാസവസ്തുക്കളുമായി കലരാന്‍ സാധ്യതയുണ്ട്. തക്കാളി പേസ്റ്റ്, ഗ്രേവി,തക്കാളി സോസ് എന്നിവ സൂക്ഷിക്കാൻ ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
സിട്രസ് പഴങ്ങളും ജ്യൂസുകളും
നാരങ്ങ, ഓറഞ്ച്, മറ്റ് സിട്രസ് ജ്യൂസുകൾ എന്നിവ അസിഡിറ്റി ഉള്ളവയാണ്, അവ പ്ലാസ്റ്റിക്കുമായി പ്രതിപ്രവർത്തിക്കും. ഇത് കാലക്രമേണ രുചിമാറ്റത്തിനും വിറ്റാമിന്റെ അളവ് കുറക്കുകയും ചെയ്യും. അതിനാല്‍ സിട്രസ് പഴങ്ങളും ജ്യൂസുകളും സൂക്ഷിക്കാന്‍ ഗ്ലാസ് ജാറുകളോ കുപ്പികളോ ഉപയോഗിക്കാം.
പുളിയുള്ള ഭക്ഷണങ്ങള്‍
ഇഡ്ഡലി മാവ്,തൈര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്ലാസ്റ്റിക്കുമായി പ്രതിപ്രവർത്തിക്കുന്ന വാതകങ്ങളും ആസിഡുകളും പുറത്തുവിടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ സെറാമിക് അല്ലെങ്കിൽ മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എണ്ണമയമുള്ള ഭക്ഷണങ്ങൾ
എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുമ്പോൾ എണ്ണകൾ ആഗിരണം ചെയ്ത് നിറവ്യത്യാസത്തിനും ദുർഗന്ധത്തിനും കാരണമാകുകയും ചെയ്യും.പ്ലാസ്റ്റിക്കിൽ നിന്ന് ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരുകയും ചെയ്യും.ഇത്തരം ഭക്ഷണങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റീല്‍ പാത്രങ്ങളാണ് നല്ലത്.
ചൂടുള്ള ചോറ്,പാസ്ത
ചൂടുള്ള ചോറ്, പാസ്ത എന്നിവയില്‍ ഈര്‍പ്പം കൂടി ഉള്ളതിനാല്‍ രാസവസ്തുക്കള്‍ വേഗത്തില്‍ കലരാന്‍ സാധ്യതയുണ്ട്. ചോറ്,പാസ്ത പോലുള്ള ഭക്ഷണങ്ങള്‍ വസ്തുക്കള്‍ തണുത്ത ശേഷം ഗ്ലാസ് പാത്രങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.