മലയാളികള്‍ക്ക് പണ്ടുമുതലേ കുളിയെന്നാല്‍ ജീവിതചര്യയുടെ ഭാഗം തന്നെയാണ്. പറ്റുമെങ്കില്‍ ദിവസവും ചുരുങ്ങിയത് രണ്ടുനേരം കുളിക്കുന്നവരാണ് കൂടുതല്‍ മലയാളികളും. രാവിലെ സ്കൂളിലോ ജോലിക്കോ പോകുമ്പോഴും തിരിച്ച് വീട്ടില്‍ എത്തുമ്പോഴും പറ്റുമെങ്കില്‍ കുളിക്കും. ഇനി മടികാണിച്ചിരുന്നാലോ, കുളിക്കാതെ പച്ച വെള്ളം പോലും തരില്ലെന്ന അമ്മമാരുടെ ചീത്ത കേള്‍ക്കാത്തവരും കുറവായിരിക്കും.
ശരിക്കും ഒരു ദിവസം എത്രതവണ തല കുളിക്കണം.? ദിവസവും കുളിക്കണോ,?അതോ ആഴ്ചയില്‍ രണ്ടുതവണ,?അതല്ലെങ്കില്‍ മാസത്തിലൊരിക്കല്‍.. ആകെ ആശയക്കുഴപ്പമായോ..?
എന്നാൽ ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരമില്ല എന്നതാണ് യാഥാര്‍ഥ്യം. എത്രനേരം കുളിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മുടിയുടെ സ്വഭാവം അനുസരിച്ചാണ്.അതായത് ഓരോരുത്തരുടെയും മുടി വ്യത്യസ്തമാണ്. ചിലര്‍ക്ക് കട്ടിയുള്ള കറുത്ത മുടിയായിരിക്കും,ചിലര്‍ക്കാവട്ടെ കട്ടി കുറഞ്ഞതായിരിക്കും,ചിലര്‍ക്ക് നല്ല ചുരുളന്‍ മുടിയിയിരിക്കും.
ഇനി മുടിയുടെ തരമെടുത്ത് നോക്കിയാല്‍ ചിലരില്‍ നല്ല എണ്ണമയമുള്ളതും,ചിലരില്‍ വരണ്ടതുമായിരിക്കും.ഇതൊക്കെ പരിഗണിച്ചാണ് എത്രസമയം കുളിക്കണം എന്ന് തീരുമാനിക്കേണ്ടത്.കൂടാതെ പ്രായവും ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ദിവസവും ഷാംപൂ ഇട്ട് കഴുകുമ്പോൾ മുടി കൂടുതൽ വരണ്ടുപോയി പൊട്ടി മങ്ങിപ്പോകുന്നു എന്ന് പലരും പരാതിപ്പെടാറുണ്ട്. മറുവശത്ത്, ആഴ്ചകളോളം കഴുകാതെ വിട്ടാൽ സ്കാൽപ്പിൽ എണ്ണയും അഴുക്കും കൂടി ചൊറിച്ചിലും ഡാൻഡ്രഫും ഇൻഫെക്ഷനും വരാം. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം മനസിലാക്കി വേണം എത്രതവണ കുളിക്കണം എന്ന് തീരുമാനിക്കേണ്ടതെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ ഡെർമറ്റോളജിസ്റ്റ് ഡോ. ഷിൽപി ഖേതർപാൽ പറയുന്നു.
തലയോട്ടിയുടെ പങ്ക്
നിങ്ങളുടെ തലയോട്ടിയിൽ മുടിയെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത എണ്ണകൾ (സെബം) ഉത്പാദിപ്പിക്കുന്നു. ഇടയ്ക്കിടെ കഴുകുന്നത് ഈ എണ്ണകൾ നീക്കം ചെയ്യുകയും മുടി വരണ്ടതാക്കുകയും ചെയ്യും. എന്നാല്‍ ആവശ്യത്തിന് കഴുകിയില്ലെങ്കിലോ, ഈ എണ്ണകള്‍ കെട്ടിനില്‍ക്കുകയും ചൊറിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകും.
മുടി എത്ര ഇടവിട്ട് കഴുകണം?
നേർത്ത മുടി (finer hair): ഓരോ രണ്ടു ദിവസവും കൂടുമ്പോഴോ കഴുകാം
ഇടതൂര്‍ന്ന ചുരുണ്ട മുടി ( tightly curled): കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കൽ
എണ്ണമയമുള്ള സ്കാൽപ്പ് (oily/greasy scalp): ആവശ്യമെങ്കില്‍ ദിവസവും കഴുകാം.
മറ്റുള്ളവർക്ക്: ആഴ്ചയിൽ 2-3 തവണ കഴുകാം. ഇത് സ്കാൽപ്പിലെ ചൊറിച്ചിലും അസ്വസ്ഥതയും കുറക്കും.
ജീവിതശൈലിയും പ്രധാനം
നിങ്ങൾ ദിവസവും വ്യായാമം ചെയ്യുകയോ, ഈർപ്പമുള്ള കാലാവസ്ഥയിൽ ജീവിക്കുകയോ, ധാരാളം സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ, കൂടുതൽ തവണ തല കഴുകേണ്ടി വന്നേക്കാം. എന്നാൽ നിങ്ങൾ കൂടുതൽ സമയവും വീടിനുള്ളിൽ ചെലവഴിക്കുന്നവരാണെങ്കില്‍ മുടിയുടെ തരമനുസരിച്ച് തല കഴുകിയാല്‍ മതിയാകും.
ഷാംപൂ ഉപയോഗിമ്പോൾ ശ്രദ്ധിക്കേണ്ടത്..
മുടി മുഴുവനും ഷാംപൂ ഇട്ട് കഴുകുന്നത് ഒരു തെറ്റായ ശീലമാണ്. അമിതമായി ഷാംപൂ ഉപയോഗിച്ചാൽ മുടി ഉണങ്ങി, പൊട്ടി, കേടുപാടുകൾ വരാം. മൃദുവായതും സൾഫേറ്റ് രഹിതവുമായ ഷാംപൂകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് മുടിയിഴകൾക്ക് കേടുപാടുകൾ വരുത്താതെ സംരക്ഷിക്കുന്നു. ഷാംപൂ സ്കാൽപ്പിലും റൂട്ട്സിലും മാത്രം ഇടുക.മുടിയുടെ അറ്റം വരെ ഇടുന്നത് മുടി കൂടുതല്‍ ഡ്രൈ ആകാന്‍ ഇടയാക്കും. ഷാംപു ഇട്ടുകഴിഞ്ഞാല്‍ കണ്ടീഷണർ മുടിയുടെ അറ്റത്ത് മാത്രമേ ഇടാവൂ.
പ്രായം കണക്കിലെടുക്കണം
മറ്റൊന്ന് നിങ്ങളുടെ പ്രായമാണ്.പ്രായമാകുമ്പോൾ ആൻഡ്രോജൻ ഹോർമോണുകൾ കുറയുന്നതിനാൽ തലയോട്ടിയില്‍ സെബം ഉത്പാദനം കുറവായിരിക്കും. അതുകൊണ്ട് എന്നും തല കഴുകണമെന്നില്ല.
സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ
ജെൽ, ഹെയർസ്പ്രേ, ക്രീമുകൾ, സെറം എന്നിവ മുടിയിലും തലയോട്ടിയിലും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ മുടിയുടെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡോ. ഖേതർപാൽ പറയുന്നു. സ്ഥിരമായി ഇവ ഉപയോഗിക്കുന്ന സമയത്ത് അവ മുടിയിലും തലയോട്ടിയിലും അടിഞ്ഞു കൂടും. പിന്നാലെ ചൊറിച്ചിലും മുടിക്ക് കേടുപാടുകളും ഉണ്ടാക്കാം. മുടി എണ്ണമയമുള്ളതായി തോന്നാനും ഇടയാക്കും. അതുകൊണ്ട് മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാരിഫൈയിങ് ഷാംപൂ (clarifying shampoo) ഉപയോഗിക്കണമെന്ന് ഡോ. ഖേതർപാൽ ശിപാർശ ചെയ്യുന്നു. ഇത് അടിഞ്ഞുകൂടിയ അഴുക്കും സ്റ്റൈലിംഗ് പ്രൊഡക്ടിന്‍റെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് സ്കാൽപ്പിനെ വൃത്തിയാക്കാന്‍ സഹായിക്കും.
ചുരുക്കത്തിൽ,ദിവസവും മുടി കഴുകേണ്ടത് എല്ലാവര്‍ക്കും ബാധകമല്ല. നിങ്ങളുടെ മുടിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി, സ്ഥിരമായ ഒരു റൂട്ടീൻ ഉണ്ടാക്കുക.എണ്ണമയം, ഡ്രൈനസ്, മുടിയുടെ കട്ടി, പ്രായം, ജീവിതശൈലി എന്നിവയെല്ലാം കണക്കിലെടുക്കാം.ഏതൊരു പുതിയ ശീലം തുടങ്ങുമ്പോഴും ഒരു മാസമെങ്കിലും പരീക്ഷിച്ചു നോക്കുക. ഇതുവഴി ആരോഗ്യകരമായ മിനുസമാർന്ന മുടി നിങ്ങള്‍ക്കും സ്വന്തമാക്കാം..