ഫിറ്റ്‌നസ് പ്രേമികളുടെ ശ്രദ്ധക്ക്, പ്രോട്ടീൻ സപ്ലിമെന്റുകൾ സ്ഥിരമായി കഴിക്കാറുണ്ടോ?; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

പഞ്ചസാര, നോൺ-കലോറിക് സ്വീറ്റനർ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുള്ളതാണ് പ്രോട്ടീൻ പൗഡറുകൾ

Update: 2024-05-10 08:16 GMT
Editor : Lissy P | By : Web Desk
Advertising

പ്രോട്ടീൻ സപ്ലിമെന്റുകളുടെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഫിറ്റ്‌നസ് പ്രേമികൾക്കിടയിലാണ് പ്രോട്ടീൻ പൗഡറുകളുടെ ഉപയോഗം വലിയ രീതിയിൽ വ്യാപിച്ചിരിക്കുന്നത്. എന്നാൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ അമിത ഉപയോഗം പലവിധ ആരോഗ്യപ്രശ്‌നങ്ങളെ വിളിച്ചുവരുത്തുമെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.

പഞ്ചസാര, നോൺ-കലോറിക് സ്വീറ്റനർ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിട്ടുള്ളതാണ് പ്രോട്ടീൻ പൗഡറുകൾ. ഇത് അമിത അളവിൽ കഴിക്കുന്നത് അസ്ഥികളിലെ ധാതുക്കൾ നഷ്ടപ്പെടുന്നതിനും എല്ലുകൾ ക്ഷയിക്കുന്നതിനും വൃക്കയുടെ തകരാറിലേക്കും നയിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക,പ്രോട്ടീൻ സപ്ലിമെന്റുകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളടങ്ങിയ പുതിയ ഡയറ്റ് നിർദേശങ്ങളും ഐ.സി.എം.ആർ പുറത്തിറക്കിയിട്ടുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഡയറക്ടർ ഡോ. ഹേമലത ആർ നയിക്കുന്ന, വിദഗ്ധരുടെ കമ്മിറ്റിയാണ് ഇന്ത്യക്കാർക്കായി ഭക്ഷണക്രമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഇന്ത്യയിൽ മൊത്തം ആരോഗ്യപ്രശ്‌നങ്ങളുടെ 56 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.

പ്രധാന മാർഗനിർദേശങ്ങൾ

ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുകയും പഞ്ചസാര ഉപഭോഗം കുറയ്ക്കുകയും ചെയ്യുക. സംസ്‌കരിച്ച ഭക്ഷണങ്ങൾ പരമാവധി കുറക്കുക.

പഞ്ചസാര ഉപഭോഗം മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തണം.

കലോറിയുടെ ഭൂരിഭാഗവും പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ, പാൽ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാകണം.

ധാന്യങ്ങളുടെ ഉപഭോഗം മൊത്തം ഊർജത്തിന്റെ 45 ശതമാനമായി പരിമിതപ്പെടുത്തണം.

ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ നോക്കി മാത്രം വാങ്ങുക

ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിലേർപ്പെടുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതും ഹൃദ്രോഗം,ഉയർന്ന രക്തസമ്മർദം എന്നിവ ഗണ്യമായി കുറക്കുകയും ടൈപ് ടു പ്രമേഹത്തെ 80 ശതമാനം വരെ തടയുകയും ചെയ്യും

ഭക്ഷ്യ എണ്ണയുടെ അമിത ഉപയോഗം കുറക്കുക,പകരം പരിപ്പ്,എണ്ണക്കുരു,സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News