ചലച്ചിത്ര മേളയിലെ പ്രദര്‍ശന വിലക്ക്; മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡിന്റെ സമാന്തര പ്രദർശനം പൊലീസ് തടഞ്ഞു 

Update: 2018-12-12 14:20 GMT
Advertising

തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്'ന്‍റെ പ്രദര്‍ശന വിലക്കിനെ തുടര്‍ന്ന് രൂപം കൊണ്ട സമാന്തര പ്രദര്‍ശനം പൊലീസ് ഇടപ്പെട്ട് തടഞ്ഞു.തിരുവനന്തപുരം ടാഗോർ ഹാൾ പരിസരത്ത് ചലച്ചിത്രം പ്രദർശിപ്പിക്കാനെത്തിയ അതിജീവന കലാസംഘത്തെയാണ് പൊലീസ് തടഞ്ഞത്. പ്രദർശനത്തിനു കൊണ്ടു വന്ന പ്രൊജക്ടർ, വാഹനം എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മേളയിലെ ജൂറി വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്‍റെ പ്രദര്‍ശനം കഴിഞ്ഞ തിങ്കളാഴ്ച്ച 10.30ന് നിശാഗന്ധി തിയേറ്ററിൽ നടക്കേണ്ടതായിരുന്നു. പക്ഷേ സെൻസര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താനാകില്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി തന്നെ ചലച്ചിത്രമേളയുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ മെസ്സേജുകളിലൂടെയും പ്രേക്ഷകരെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ മേളയില്‍ സ്ഥാനം പിടിച്ചെങ്കിലും പിന്നീട് ഇതേ കാരണം പറഞ്ഞ് അന്ന് മേളയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കനത്ത പ്രതിഷേധമായിരുന്നു ‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്നത്.

രാജ്യാന്തര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍', 'ദ കളര്‍ ഓഫ് പാരഡൈസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മജീദ് മജീദി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്നതാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് ' ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രവുമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഇത്തവണ മേളയുടെ ജൂറി അധ്യക്ഷനായി ഇറാനിയൻ സംവിധായകൻ മജീദ് മജീദി വന്ന സന്ദര്‍ഭത്തില്‍ ചിത്രം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ചലച്ചിത്ര പ്രേമികള്‍.

അതെ സമയം ചിത്രത്തിന്റെ സമാന്തര പ്രദര്‍ശനവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും രംഗത്ത് വന്നിട്ടുണ്ട്. ഡിസംബര്‍ 14 ന് വൈകിട്ട് 6:30ന് എസ്.ആര്‍.എം റോഡിലെ സോളിഡാരിറ്റി തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

Tags:    

Similar News