അഹമ്മദാബാദിൽ വീണ്ടും കോലി ഷോ

കോലിക്ക് അര്‍ധ സെഞ്ച്വറി; ഇംഗ്ലണ്ടിന്‍റെ വിജയ ലക്ഷ്യം 157

Update: 2021-03-16 15:20 GMT
Advertising

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി-20യിൽ കോലിയുടെ മികവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യം ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും നായകൻ കോലി തോറ്റുകൊടുക്കാൻ നിൽക്കാതെ പൊരുതി.

കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. അർധ സെഞ്ച്വറി നേടിയ കോലി കൂടെ നിന്നവരെല്ലാം വരിവരിയായി പുറത്തുപോയപ്പോഴും നായകന്‍റെ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ കോലിയുടെ ഇന്നിംഗ്‌സ് 8 ഫോറിന്‍റെയും 4 സിക്‌സിന്‍റെയും അകമ്പടിയോട് കൂടിയായിരുന്നു. കോലി പുറത്താകാതെ 46 ബോളില്‍ 77 റൺസ് നേടി.

തുടക്കത്തിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയ്ക് കോലി-പന്ത് കൂട്ടുകെട്ട് പ്രതീക്ഷയ്ക്ക് വക നൽകിയെങ്കിലും പന്ത് റണൗട്ടിലൂടെ പുറത്തായത് തിരിച്ചടിയായി.

പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. കെ.എൽ.രാഹുൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും രാഹുൽ പൂജ്യത്തിന് പുറത്തായി. കളിയുടെ രണ്ടാമത്തെ ഓവറിലെ തന്നെ മാർക്ക് വുഡിന്റെ മികച്ചൊരു പന്തിൽ രാഹുൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ രോഹിത്താണ് രാഹുലിനൊപ്പം ഓപ്പൺ ചെയ്തത്. രോഹിത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. രോഹിത്തി(15) നേയും മാർക്ക് വുഡ് തന്നെ ജോഫ്ര ആർച്ചറിന്റെ കൈകളിലെത്തിച്ചു പുറത്തേക്കയച്ചു. വൺഡൗണായെത്തിയത് നായകൻ കോലിക്കു പകരം ഇഷാൻ കിഷനായിരുന്നു. ഇഷാൻ കിഷനും(4) നിലയുറപ്പിക്കും മുമ്പ് ക്രിസ് ജോർദാന്റെ പന്തിൽ ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയെ കോലി-പന്ത് മികച്ച പാർട്ടർഷിപ്പ് ഉണ്ടാക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അനാവശ്യമായ ഒരു റണൗട്ടിലൂടെ പന്ത് (25) പുറത്തുപോയി. പിന്നാലെ വന്ന ശ്രേയസ് അയ്യർക്കും(9) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ കോലിക്ക മികച്ച പിന്തുണ നൽകിയ ഹർദിക്ക് പാണ്ഡ്യ 17 റൺസ് നേടി. അവസാന പന്തിലാണ് ഹർദിക്ക് പുറത്തായത്.

ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും ജോര്‍ദാന്‍ രണ്ടു വിക്കറ്റും നേടി.

Tags:    

Similar News