ഒടുവിൽ ആർ.പി.എൻ സിങ്ങും; യു.പിയിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ നാല് നേതാക്കളും കോൺഗ്രസ് വിട്ടു

കോൺഗ്രസ് ടിക്കറ്റിൽ ഒരു സീറ്റിലും വിജയിക്കാനാവില്ലെന്ന ഭയമാണ് നേതാക്കളെ പാർട്ടിവിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ നാല് നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വന്തം ശക്തികേന്ദ്രങ്ങളിൽ പോലും പരാജയപ്പെട്ടതോടെയാണ് ഇവർ മാറിചിന്തിച്ചതെന്നാണ് സൂചന.

Update: 2022-01-25 16:08 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസ് നേരിടുന്നത് വലിയ തിരിച്ചടി. സംസ്ഥാനത്ത് പാർട്ടിയുടെ മുഖമായിരുന്ന ആർ.പി.എൻ സിങ് കൂടി ബി.ജെ.പിയിൽ ചേർന്നതോടെ വലിയ വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ നാല് നേതാക്കളാണ് തുടർച്ചയായി പാർട്ടിവിട്ടത്.

സംസ്ഥാനത്ത് പാർട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനായി 2016 മുതൽ രാഹുൽ ഗാന്ധി നടത്തിയ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നാല് പ്രധാനപ്പെട്ട നേതാക്കളും ഇപ്പോൾ മറ്റു പാർട്ടികളിലാണ്. കർഷകരുമായി നേരിട്ട് സംവദിക്കാനായി 2016ൽ രാഹുൽ ഗാന്ധി നടത്തിയ ഖാട്ട് യാത്ര ദിയോരിയയിൽ നിന്ന് ആരംഭിച്ചപ്പോൾ അതിന്റെ മുഖ്യസംഘാടകനായിരുന്നു ആർ.പി.എൻ സിങ്. മിർസാപൂർ പ്രവിശ്യയിൽ ഖാട്ട് യാത്രയുടെ സംഘാടകൻ ലളിതേഷ് ത്രിപാഠിയായിരുന്നു. ഷാജഹാൻപൂരിൽ ജിതിൻ പ്രസാദയും ഇമ്രാൻ മസൂദുമായിരുന്നു യാത്രക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയത്. ആർ.പി.എൻ സിങ്ങും ജിതിൻ പ്രസാദയും ബി.ജെ.പിയിലേക്കും ഇമ്രാൻ മസൂദും ലളിതേഷ് ത്രിപാഠിയും സമാജ്‌വാദി പാർട്ടിയിലേക്കുമാണ് ചേക്കേറിയത്.

ഭീരുക്കളെയാണ് തങ്ങളുടെ പാർട്ടിയിൽ നിന്ന് നിങ്ങൾ അടർത്തിക്കൊണ്ടുപോവുന്നത് എന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് ഒരു വിമാനയാത്രക്കിടെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനോട് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ഇമ്രാൻ മസൂദ് പാർട്ടി വിട്ടതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

എന്നാൽ കോൺഗ്രസ് ടിക്കറ്റിൽ ഒരു സീറ്റിലും വിജയിക്കാനാവില്ലെന്ന ഭയമാണ് നേതാക്കളെ പാർട്ടിവിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ നാല് നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വന്തം ശക്തികേന്ദ്രങ്ങളിൽ പോലും പരാജയപ്പെട്ടതോടെയാണ് ഇവർ മാറിചിന്തിച്ചതെന്നാണ് സൂചന. പുതിയ ഒരു ഉണർവും വോട്ടർമാർക്കിടയിൽ ഉണ്ടാക്കാൻ കോൺഗ്രസിനാവുന്നില്ലെന്നും ഇവർ വിമർശിക്കുന്നു.

''ഞാൻ എന്റെ പ്രദേശത്ത് ജനകീയനാണ്, ഞാൻ ജനപ്രതിനിധിയാവണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എന്റെ പാർട്ടിക്ക് വോട്ട് നൽകാൻ അവർക്ക് താൽപര്യമില്ല''- ഈ നാല് നേതാക്കളിൽ ഒരാൾ പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യു.പിയിൽ തിരിച്ചുവരവിന് കോൺഗ്രസ് ശ്രമിക്കുമ്പോഴും സംഘടനാ ശാക്തീകരണത്തിൽ അത് കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ലെന്നാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കാണിക്കുന്നത്. ആർ.പി.എൻ സിങ് ഇന്ന് രാവിലെയാണ് കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. മദ്രൗണി മണ്ഡലത്തിൽ നിന്ന് അദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News