യു.പിയില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരം, വെറുതെ വോട്ട് പാഴാക്കരുത്: മായാവതി

യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്ന് മായാവതി

Update: 2022-01-23 07:22 GMT
Advertising

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമെന്ന് ബി.എസ്.പി നേതാവ് മായാവതി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം താനാണെന്ന വാദത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി പിൻമാറിയതിന് പിന്നാലെയാണ് ബി.എസ്.പി അധ്യക്ഷയുടെ വിമര്‍ശനം. യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണം. കോൺഗ്രസിന് വോട്ട് നല്‍കി വോട്ട് പാഴാക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു.

യു.പിയിൽ കോൺഗ്രസിനെപ്പോലുള്ള പാർട്ടികള്‍ വോട്ട് ഭിന്നിപ്പിക്കുകയാണെന്നും മായാവതി വിമര്‍ശിച്ചു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനതാൽപര്യം സംരക്ഷിക്കുന്ന സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലിസ്റ്റില്‍ ബി.എസ്.പിയാണ് ഒന്നാം നമ്പറെന്നും മായാവതി അവകാശപ്പെട്ടു.

മായാവതി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍‌ സജീവമാകാത്തതിനെ ബി.ജെ.പിയുടെ സമ്മർദവുമായി ബന്ധപ്പെടുത്തി പ്രിയങ്ക ഗാന്ധി പരാമര്‍ശം നടത്തിയിരുന്നു- "ആറോ ഏഴോ മാസം മുന്‍പ് ഞങ്ങള്‍ കരുതിയത് അവരും അവരുടെ പാർട്ടിയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സജീവമാകുമെന്നാണ്. പക്ഷേ ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടിനിടയിലും അവര്‍ സജീവമല്ല. ഒരുപക്ഷേ ബി.ജെ.പി സർക്കാരിന്‍റെ സമ്മർദമായിരിക്കാം കാരണം".

2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 312 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 403 അംഗ നിയമസഭയാണ് യു.പിയിലേത്. ബി.എസ്.പിക്ക് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 54 മണ്ഡലങ്ങളിലേ ജയിക്കാനായുള്ളൂ. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News