ബാബരി മസ്ജിദ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതി അതു പൊളിക്കാന്‍ പറയുമായിരുന്നോ? ജസ്റ്റിസ് എ.കെ ഗാംഗുലി

മസ്ജിദ് തകര്‍ത്ത കുറ്റത്തിന് നല്‍കിയ പാരിതോഷികം പോലെയായി സുപ്രീം കോടതി വിധിയെന്നും ജസ്റ്റിസ് പറയുന്നു

Update: 2022-12-06 06:16 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ബാബരി മസ്ജിദ് 1992ല്‍ തകര്‍ക്കപ്പെട്ടില്ലായിരുന്നെങ്കില്‍ സുപ്രീം കോടതി ഇപ്പോള്‍ അതു പൊളിക്കാന്‍ പറയുമായിരുന്നോ? മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലിയുടേതാണ് ചോദ്യം. 2019ല്‍ ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അയോധ്യ കേസുമായി ബന്ധപ്പെട്ട അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റെ വിധിയെ അദ്ദേഹം വിമര്‍ശിച്ചത്. മസ്ജിദ് തകര്‍ത്ത കുറ്റത്തിന് നല്‍കിയ പാരിതോഷികം പോലെയായി സുപ്രീം കോടതി വിധിയെന്നും ജസ്റ്റിസ് പറയുന്നു.

 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തുംഅടങ്ങുന്ന സംഘപരിവാര്‍ സംഘടനകളുടെയും ശിവസേനയുടെയും കര്‍സേവകര്‍ നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തത്. നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമായിരുന്നു പള്ളി തകർക്കലെന്ന് സുപ്രീം കോടതി വിധിയിലുണ്ട്. അതേ കോടതി തന്നെയാണ് മസ്ജിദ് തകർത്തെറിഞ്ഞവർക്ക് അതിനുള്ള 'പാരിതോഷികം' കണക്കെ തർക്കപ്രദേശം മുഴുവനായി വിട്ടുകൊടുത്തിരിക്കുന്നത്. പള്ളി ഇന്നും അവിടെ നിലനിന്നിരുന്നെങ്കിൽ അത് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കില്ലായിരുന്നു എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിധി നിർഭാഗ്യകരമാണ്. ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ പ്രവണതകൾക്ക് ഇത് വഴിവെയ്ക്കും. തീർത്തും മതേതര വിരുദ്ധമായ വിധിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കേസിൽ താനാണ് വിധി പറഞ്ഞിരുന്നതെങ്കിൽ പള്ളി പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുമായിരുന്നു. അല്ലെങ്കിൽ പള്ളിയോ അമ്പലമോ പണിയാനുള്ള അനുമതി നൽകില്ലായിരുന്നു. മറിച്ച് സ്‌കൂളോ ആശുപത്രിയോ കോളേജോ പോലെ തികച്ചും മതേതരമായ ഒരു നിർമിതി തൽസ്ഥാനത്ത് സ്ഥാപിക്കാൻ ഉത്തരവിടുമായിരുന്നു.

പള്ളി ഉണ്ടായിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ വിധിയില്‍ പിഴവുണ്ട്. ഒന്നുകിൽ മസ്ജിദ് പുനർനിർമിക്കാൻ ജഡ്ജിമാർ ഉത്തരവിടണം അല്ലെങ്കിൽ നിഷ്പക്ഷമായ ആവശ്യത്തിനായി ഭൂമി സർക്കാരിന് നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു."പള്ളിയുണ്ടായിരുന്നു എന്നതിൽ തർക്കമില്ല. അത് നശിപ്പിച്ചുവെന്നതിൽ തർക്കമില്ല. അത് പൊളിക്കുന്നത് നമ്മള്‍ എല്ലാവരും കണ്ടു," വയറിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ഗാംഗുലി ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദുക്കള്‍ക്ക് ഒരിക്കലും ആഘോഷിക്കാന്‍ കഴിയുകയില്ല. പള്ളി പൊളിക്കുന്നത് ഹിന്ദു വിശ്വാസത്തിന്‍റെയോ ഹിന്ദു മതത്തിന്‍റെയോ ഭാഗമല്ല. മസ്ജിദ് പൊളിക്കുന്നത് തികച്ചും ഹിന്ദു വിരുദ്ധമാണ്.ആർക്കിയോളജിക്കൽ സർവ്വേയുടെ ഒട്ടും വ്യക്തതയില്ലാത്ത ഒരു റിപ്പോർട്ടിനെ ആധാരമാക്കി പള്ളി നിന്നിരുന്ന ഇടത്തിൽ ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ സുപ്രീം കോടതിക്ക് എങ്ങിനെ കഴിഞ്ഞു എന്നും ജസ്റ്റിസ് ഗാംഗുലി ചോദിക്കുന്നു.

നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ക്ഷേത്രം പൊളിച്ചാണ് ബാബരി പള്ളി നിര്‍മിച്ചത് എന്നതിന് സുപ്രീം കോടതിയുടെ കയ്യിൽ ഒരു തെളിവുമില്ല. ഒരു ബുദ്ധിസ്റ്റ് സ്തൂപമോ ജൈനമത വിശ്വാസത്തിന്‍റെതായ ഏതെങ്കിലും നിർമിതിയോ ഒരു ക്രിസ്ത്യൻ പള്ളിയോ അവിടെ ഉണ്ടായിരുന്നിരിക്കാം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ആ സ്ഥലം ഹിന്ദുക്കളുടേതാണെന്നും റാം ലല്ലയുടേതാണെന്നും കോടതി തീരുമാനിച്ചത് എന്നും ജസ്റ്റിസ് ചോദിച്ചു. ഫൈസാൻ മുസ്തഫയെപ്പോലുള്ള നിയമപണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളോടും ജസ്റ്റിസ് യോജിക്കുന്നു. സുപ്രീം കോടതി വിധി ഹിന്ദു വിശ്വാസങ്ങള്‍ക്ക് മുസ്‍ലിം വിശ്വാസങ്ങളെക്കാന്‍ പ്രാമുഖ്യം നല്‍കുന്നതാണ് എന്നാണ് ഫൈസാൻ മുസ്തഫയെപ്പോലുള്ളവര്‍ വിലയിരുത്തിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News