''ബിജെപിക്ക് കീഴിൽ മുസ്‍ലിംകള്‍ കൂടുതൽ സുരക്ഷിതരും സന്തുഷ്ടരുമാണ്''; വോട്ട് ചെയ്യാൻ ആഹ്വാനവുമായി മുസ്‍ലിം രാഷ്ട്രീയ മഞ്ച്

2014നുശേഷം മുസ്‍ലിംകൾക്കെതിരായ സാമുദായിക ലഹളകളും കലാപങ്ങളുമെല്ലാം പറ്റെ കുറഞ്ഞെന്ന് ആർഎസ്എസിന്റെ കീഴിലുള്ള മുസ്‍ലിം രാഷ്ട്രീയ മഞ്ച് പുറത്തിറക്കിയ ലഘുലേഖയിൽ അവകാശപ്പെട്ടു

Update: 2022-01-15 12:20 GMT
Editor : Shaheer | By : Web Desk
Advertising

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുസ്‍ലിംകളോട് ആഹ്വാനവുമായി ആർഎസ്എസിന്റെ മുസ്‍ലിം വിഭാഗം. ബിജെപി ഭരണകാലത്താണ് മുസ്‍ലിംകൾ ഏറ്റവും സുരക്ഷിതരും സന്തുഷ്ടരുമായതെന്ന് മുസ്‍ലിം രാഷ്ട്രീയ മഞ്ച്(എംആർഎം) പുറത്തിറക്കിയ ലഘുലേഖയിൽ പറഞ്ഞു.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ മുസ്‍ലിംകളുടെ ക്ഷേമത്തിനായി ചെയ്തതെന്ന് പറഞ്ഞുള്ള പദ്ധതികൾ വിവരിച്ചാണ് എംആർഎമ്മിന്റെ ആഹ്വാനം. രാജ്യത്തെ മുസ്‍ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷിയാണ് ബിജെപിയെന്നും ലഘുലേഖയിൽ പറയുന്നു.

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി(എസ്പി), ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) അടക്കമുള്ള പ്രതിപക്ഷകക്ഷികളെല്ലാം മുസ്‍ലിംകളെ തങ്ങളുടെ വോട്ട്ബാങ്ക് മാത്രമായാണ് പരിഗണിച്ചിട്ടുള്ളത്. അവരെല്ലാം അധികാരത്തിൽ വന്ന ശേഷം സമുദായത്തിന് ദാരിദ്ര്യവും നിരക്ഷരതയും പിന്നാക്കാവസ്ഥയും മുത്തലാഖ് പോലെയുള്ള അതിക്രമങ്ങളും മാത്രമാണുണ്ടായത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ നയാ റോഷ്‌നി, നയാ സവേര, നയാ ഉഡാൻ, സീക്കോ ഔർ കമാവോ അടക്കം 2014 മുതൽ നിരവധി പദ്ധതികളാണ് സമുദായത്തിനു വേണ്ടി ചെയ്തിട്ടുള്ളത്. 2014നുശേഷം മുസ്‍ലിംകൾക്കെതിരായ സാമുദായിക ലഹളകളും കലാപങ്ങളുമെല്ലാം പറ്റെ കുറഞ്ഞുവെന്നും ലഘുലേഖയിൽ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ലഘുലേഖ പുറത്തിറക്കിയത്. എംആർഎം സ്ഥാപകൻകൂടിയായ ഇന്ദ്രേഷ് കുമാറും ദേശീയ കൺവീനർ സയദ് സയീദും ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ലഘുലേഖ വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News