''എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിക്ക് പങ്ക്''; ഹൈക്കോടതിയിൽ സത്യവാങ്മൂലം

മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ആർ വസന്തകുമാരി സമർപ്പിച്ച ഹരജിയിലാണ് അധിക സത്യവാങ്മൂലം നൽകിയത്

Update: 2021-10-22 11:47 GMT
Editor : Shaheer | By : Web Desk
Advertising

മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ പ്രമുഖ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആർ വസന്തകുമാരി സമർപ്പിച്ച ഹരജിയിലാണ് അധിക സത്യവാങ്മൂലം നൽകിയത്.

ആരോപിക്കപ്പെടുന്ന ചാനലിനെതിരെ പ്രദീപ് നേരത്തെ ചില വാർത്തകൾ നൽകിയിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഈ വാർത്തകളെത്തുടർന്ന് ചാനലിലെ ജീവനക്കാരനിൽനിന്ന് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയിരുന്നതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ലെന്ന് മാതാവിന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചാനലിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെക്കുറിച്ച് പ്രദീപ് മുൻപ് മുഖ്യമന്ത്രിക്കും ബിജെപിക്കും പരാതി നൽകിയിരുന്നു. അന്ന് കരമന പൊലീസ് സ്റ്റേഷനിൽ ചാനൽ ജീവനക്കാരനെ വിളിച്ചുവരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

അഥേസമയം, വസന്തകുമാരിയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കെ ഹരിപാൽ പിന്മാറി. കേസ് പിന്നീട് മറ്റൊരു ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ ഡിസംബർ 14നാണ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിൽ പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മീഡിയവൺ, മനോരമ ന്യൂസ്, ന്യൂസ് 18, ജയ്ഹിന്ദ്, കൈരളി, മംഗളം ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. മരണത്തിൽ ചാനലിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനെതിരെ ആരോപണവുമായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരന്റെ ഭാര്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News