മലപ്പുറം തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്

Update: 2018-06-05 19:40 GMT
Editor : Ubaid
മലപ്പുറം തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍

Full View

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സുന്നികള്‍ ഇടതുപക്ഷത്തെ പിന്തുണക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കാന്തപുരത്തിന്റെ പിന്തുണ തേടാന്‍ മധ്യസ്ഥര്‍ മുഖേന മുസ്‍ലിം ലീഗ് ശ്രമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയാണ് കാന്തപുരം വിഭാഗം പിന്തുണച്ചത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിക്കണമെന്ന് കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ചെങ്കിലും കാന്തപുരവും മുസ്‍ലിം ലീഗുമായി ശത്രുത രൂപപ്പെടാന്‍ ഇത് കാരണമായി.

മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കാന്തപുരത്തെ കടന്നാക്രമിച്ച് ലീഗ് മുഖപ്പത്രത്തില്‍ ലേഖനമെഴുതുകയും പി.കെ കുഞ്ഞാലിക്കുട്ടി പരസ്യവിമര്‍ശനം നടത്തുകയും ചെയ്തതോടെ ഇരു വിഭാഗവും വല്ലാതെ അകന്നു. ഈ സാഹചര്യം മുന്നില്‍ വെച്ചാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കാന്തപുരം വിഭാഗം ആലോചന നടത്തിയത്. ഒപ്പം എല്‍.ഡി.എഫ് സര്‍ക്കാരുമായുള്ള നല്ല ബന്ധവും സംഘടനയുടെ നിലപാടിനെ സ്വാധീനിച്ചു.

മുസ്‍ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മലപ്പുറമെങ്കിലും യു.ഡി.എഫിനെ പിന്തുണക്കേണ്ട രാഷ്ട്രീയമോ സംഘടനാപരമോ ആയ സാഹചര്യം ഇല്ല എന്നാണ് സംഘടന വിലയിരുത്തല്‍. കാന്തപുരത്തിന്റെ പിന്തുണ തേടാന്‍ മധ്യസ്ഥര്‍ മുഖേന മുസ്‍ലിം ലീഗ് പലതവണ ശ്രമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ഇടതുപക്ഷത്തിന് വേണ്ടി സ്ക്വാഡ് പ്രവര്‍ത്തനം നടത്തിയിരുന്നു. അതുപോലെ മലപ്പുറം ഉപതെരഞ്ഞെടുപ്പിലും സംഘടനയെ രംഗത്തിറക്കാനാണ് എല്‍ഡിഎഫിന്‍റെ ശ്രമം. എന്നാല്‍ എല്‍.ഡി.എഫിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കാന്‍ കാന്തപുരം തയ്യാറാകാനിടയിലല്ല.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News