നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രഖ്യാപനം ജലരേഖയായി

Update: 2018-06-12 00:09 GMT
Editor : Ubaid
നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രഖ്യാപനം ജലരേഖയായി
Advertising

മടങ്ങിയെത്തിയവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ ദുരിതത്തിലാണെന്ന് തെളിയിക്കുന്ന രേഖകളാണ് നോര്‍ക്ക പുറത്തുവിടുന്നത്

അഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇറാഖ്, ലിബിയ, യമന്‍ രാജ്യങ്ങളിലെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രഖ്യാപനം ജലരേഖയായി. 3394 പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതില്‍ നോര്‍ക്ക വഴി ജോലി ലഭിച്ചത് നാമമാത്രമായവര്‍ക്ക് മാത്രം. റിക്രൂട്ട്മെന്റ് ക്യാമ്പുകള്‍ നടത്തിയെങ്കിലും മടങ്ങിയെത്തിയവരില്‍ എത്ര നഴ്സുമാരുണ്ട് എന്ന വിവരവും നോര്‍ക്കയുടെ പക്കല്‍ ഇല്ലെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

Full View

ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങിയെത്തിയവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ ദുരിതത്തിലാണെന്ന് തെളിയിക്കുന്ന രേഖകളാണ് നോര്‍ക്ക പുറത്തുവിടുന്നത്. 3394 പേര്‍ ഇത്തരത്തില്‍ മടങ്ങിയെത്തിയെങ്കിലും അതില്‍ എത്രപേര്‍ നഴ്സുമാരാണെന്ന് നോര്‍ക്കയ്ക്ക് അറിയില്ല. അതേസമയം 2014 നവംബറില്‍ നടത്തിയ റിക്രൂട്ട്മെന്റില്‍ 478 പേര്‍ പങ്കെടുത്തതായും ഇവരില്‍ 60 പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും രേഖകളില്‍ പറയുന്നു. റിക്രൂട്ട്മെന്റുകള്‍ നോര്‍ക്കവഴിയായിരിക്കണമെന്ന നിയമം വന്നതിന് ശേഷം 2016-17 കാലയളവില്‍ 617 പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും സ്വന്തം നിലയില്‍ ജോലി സന്പാദിച്ചവരാണ്.

നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും നോര്‍ക്ക മുന്‍കൈ എടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. സ്വന്തം നിലയ്ക്ക് മടങ്ങിയെത്തിയവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് നോര്‍ക്ക മടക്കി നല്‍കിയിരുന്നു. അതിന് ശേഷം യാതൊരു നടപടിയില്ലെന്നും പരാതിയുണ്ട്.

നഴ്സുമാരുടെ മടങ്ങിവരവ് പ്രമേയമായ ചലച്ചിത്രത്തിന് ദേശീയ അംഗീകാരം വരെ ലഭിക്കുന്പോള്‍ യഥാര്‍ത്ഥ നഴ്സുമാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസ്സംഗതയ്ക്ക് ഇരയായി എന്നതാണ് വസ്തുത

Writer - Ubaid

contributor

Editor - Ubaid

contributor

Similar News