കോഴിക്കോട് താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

Update: 2018-06-18 06:21 GMT
കോഴിക്കോട് താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി
Advertising

നാല് വീടുകള്‍ പൂര്‍ണമായി ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു...


കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 8 ആയി. ഇന്നലെ മരിച്ച ഹസ്സന്റെ മകളുടെ മകള്‍ ഒന്നര വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. കാണാതായ ആറ് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, അഗ ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ കരിഞ്ചോല മലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തബാധിതര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാവിലെ ആറരയോടെ നാട്ടുകാരാണ് ആദ്യം തിരച്ചില്‍ പുനരാരംഭിച്ചത്. ഏഴ് മണിയ്ക്ക് ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും എത്തിയതോട രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. രാവിലെയുണ്ടായിരുന്ന ചെറിയ മഴ മാറി നിന്നതോടെ തിരച്ചിലിന്റെ വേഗവും കൂടി. ഇതിനിടെ മരിച്ച ജാഫറിന്റെ മൃതദേഹ അവശിഷ്ടം തിരച്ചിലില്‍ കണ്ടെത്തി. ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്താന്‍ വൈകിയത് വീഴ്ചയാണെന്ന് രമേഷ് ചെന്നിത്തല ആരോപിച്ചു. കാലാവസ്ഥ പ്രതികൂലമായ താണ് ദുരന്ത നിവാരണ സേന സ്ഥലത്തെത്താന്‍ വൈകിയതിന് കാരണമെന്ന് സ്ഥലത്തെത്തിയ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ഹസ്സന്റെ കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. പെരുന്നാള്‍ ദിനത്തിലും ആഘോഷങ്ങള്‍ മാറ്റി വെച്ച് നാട്ടുകാരും സന്നദ്ധസംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Full View

ദുരന്ത നിവാരണ സേനയും, പൊലിസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. പ്രദേശത്തെ അനധികൃത നിര്‍മാണങ്ങളില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ യുവി ജോസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേന സ്ഥലത്തെത്താന്‍ വൈകിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെ ആണ് കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. നാല് വീടുകള്‍ പൂര്‍ണമായി ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. തകര്‍ന്ന മൂന്ന് വീടുകളിലെ ആളുകളാണ് മരിച്ച എട്ട് പേരും. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. കട്ടിപ്പാറക്ക് പുറമെ ബാലുശ്ശേരി മങ്കയം, ഓമശ്ശേരി വേനപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി.

Similar News