ഇത്തവണയും ആറ്റിങ്ങല്‍ ഇടത്തേക്കോ?

ലോക്സഭ തെരഞ്ഞെടുപ്പായാലും നിയമസഭ തെരഞ്ഞെടുപ്പായാലും ഇടത് മുന്നണിയുടെ കുത്തക മണ്ഡലമായിട്ട് വേണം ആറ്റിങ്ങലിനെ വിലയിരുത്താന്‍

Update: 2019-04-06 03:40 GMT
Advertising

കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി എ.സമ്പത്തിന് ഏറ്റവുമധികം ഭൂരിപക്ഷം നല്‍കിയ നിയമസഭ മണ്ഡലമാണ് ആറ്റിങ്ങല്‍. 21000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം ആറ്റിങ്ങലില്‍ നിന്ന് ലഭിച്ചതോടെയാണ് സമ്പത്തിന്‍റെ വിജയം അനായാസമായത്. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ട് കുറയുന്നതാണ് യു.ഡി.എഫിന് തലവേദന. അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം. ഇതില്‍ ഇടത് മുന്നണി ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതും ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ തന്നെ. ലോക്സഭ തെരഞ്ഞെടുപ്പായാലും നിയമസഭ തെരഞ്ഞെടുപ്പായാലും ഇടത് മുന്നണിയുടെ കുത്തക മണ്ഡലമായിട്ട് വേണം ആറ്റിങ്ങലിനെ വിലയിരുത്താന്‍. കണക്കുകള്‍ വ്യക്തമാക്കുന്നതും അത് തന്നെ. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 11633 വോട്ടായിരിന്നു ഇടത് മുന്നണിയുടെ ഭൂരിപക്ഷമെങ്കില്‍ 2014 ആയപ്പോള്‍ 20955 വോട്ടായി അത് വര്‍ധിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ബി.സത്യന് 40383 വോട്ടകളുടെ വന്‍ ഭൂരിപക്ഷമാണ് ആറ്റിങ്ങല്‍ ജനത നല്‍കിയത്. ഈ വോട്ട് നിലയിലാണ് ഇടത് മുന്നണി ഇപ്പോഴും പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്.

യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നതാണ് ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലെ അവരുടെ വോട്ട് നില. 2014 ല്‍ 43260 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നേടിയപ്പോള്‍, കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ അത് 32425 വോട്ടായി കുറഞ്ഞു. എന്നാല്‍ പഴയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. എന്നാല്‍ ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 ല്‍ 11587 വോട്ടായിരുന്നത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 27602 വോട്ടായി വര്‍ധിപ്പിച്ചിട്ടുണ്ട് യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞാലും ആറ്റിങ്ങലില്‍ വന്‍ ഭൂരിപക്ഷം നേടി അതിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വോട്ട് ചോര്‍ച്ച തടയുകയെന്ന വെല്ലുവിളി യു.ഡി.എഫും ഏറ്റെടുത്തിട്ടുണ്ട്.

Tags:    

Similar News