ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഡിജിപി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.

Update: 2019-04-06 02:49 GMT
Advertising

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഡി.ജി.പി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കവേയാണ് തീരുമാനം.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം കുറ്റപത്രം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. കുറ്റപത്രത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തിരുത്തുകള്‍ വരുത്താന്‍ പൊലീസിനോട് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് തിരുത്ത് വരുത്തി വീണ്ടും കുറ്റപത്രം തയ്യാറാക്കിയത്.

ഡി.ജി.പി വിശദമായ പരിശോധനയ്ക്ക് സമയം എടുത്തതോടെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകിയത്. ഇതോടെ കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. കോട്ടയം എസ്.പിക്ക് നേരിട്ടെത്തി പരാതിയും കൈമാറി. വീണ്ടും സമരത്തിലേക്ക് ഇറങ്ങാന്‍ കന്യാസ്ത്രീകള്‍ തയ്യാറെടുക്കവേയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡി.ജി.പി അനുമതി നല്കിയത്. ചൊവ്വാഴ്ച പാലാ കോടതിയില്‍ കുറ്റപത്രം നല്കും. നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് താമസം ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags:    

Similar News