എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ജില്ലാവരണാധികാരിക്ക് ഉടന്‍ വിശദീകരണം നല്‍കുമെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

Update: 2019-04-12 07:39 GMT
Advertising

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാവരണാധികാരിക്ക് ഉടന്‍ വിശദീകരണം നല്‍കുമെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതി നോഡല്‍ ഓഫീസര്‍ വിശദമായി പരിശോധിക്കും.

കശുവണ്ടി ഫാക്ടറികളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് എല്‍.ഡി.എഫ് പരാതി നല്‍കിയത്. ശബരിമല യുവതി പ്രവേശനം, സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന, ചര്‍ച്ച് ആക്ട് എന്നിവയുടെ പേരില്‍ നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ പരാതി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

Full View

നോട്ടീസ് ലഭിച്ചെന്നും വിശദീകരണം ഉടന്‍ നല്‍കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് നടത്തിയ പ്രസംഗമാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരായ പരാതിക്ക് ആധാരം. പ്രസംഗത്തിന്റെ വീഡിയോയില്‍ എഡിറ്റിംങ് നടന്നോയെന്ന് കമ്മീഷന്‍ പരിശോധിക്കും. തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ കാസര്‍കോട് ,കൊല്ലം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

Tags:    

Similar News