യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം; ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ഥിനി

രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് പെൺകുട്ടി മൊഴി മയപ്പെടുത്തിയതെന്നാണ് വിവരം

Update: 2019-05-04 10:09 GMT
Advertising

യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യര്‍ഥിനി. പൊലീസിലും കോടതിയിലും പരാതിയില്ലെന്നാണ് കുട്ടി മൊഴിനല്‍കിയത്. ആത്മഹത്യാ കുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നു എങ്കിലും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് പെണ്‍കുട്ടി ആരുടേയും പേര് പറയാത്തതെന്നാണ് വിവരം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

രാവിലെ 11 മണിയോടെയാണ് പെൺകുട്ടി ആറ്റിങ്ങൽ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. കോളേജിൽ പഠിക്കാനാകാത്ത സാഹചര്യം ഉണ്ടായെന്നും മാനസിക സമ്മർദം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെൺകുട്ടി മൊഴി കൊടുത്തു. എസ്.എഫ്.ഐ നേതാക്കളുടേയോ പ്രിൻസിപ്പാളിന്റെയോ പേരുകൾ പെൺകുട്ടി പറഞ്ഞില്ല.

ആത്മഹത്യാ കുറിപ്പിൽ ഇത് പറഞ്ഞത് അപ്പോഴത്തെ മാനസികാ വസ്ഥയിലാണെന്നും പെൺകുട്ടി വിശദീകരിച്ചു. ഒരാളെ കുറിച്ചും പരാതിയില്ലെന്നും കേസിൽ നിന്ന് ഒഴിവാക്കി തരണമെന്നും പെൺകുട്ടി കരഞ്ഞു പറഞ്ഞു. ഇതേ മൊഴി തന്നെയാണ് പെൺകുട്ടി കോടതിയിലും നൽകിയത്.

Full View

നേരത്തെ ആത്മഹത്യാ കുറിപ്പിൽ രണ്ട് എസ്.എഫ്.ഐ വനിതാ നേതാക്കളുടെ പേര് പെൺകുട്ടി പറഞ്ഞിരുന്നു. ഇവരടക്കം സംഘടനാ നേതാക്കൾ പഠിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ ശേഷം കോളേജിൽ പഠിക്കാൻ കഴിയാതായെന്നുമായിരുന്നു പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചത്. രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് പെൺകുട്ടി മൊഴി മയപ്പെടുത്തിയതെന്നാണ് വിവരം.

Tags:    

Similar News