ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് അടൂർ

ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട പലരും നിയമനടപടികള്‍ക്ക് വിധേയരാകാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതായിരിക്കും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്നത് 

Update: 2019-07-26 02:39 GMT
Advertising

ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍. ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട പലരും നിയമനടപടികള്‍ക്ക് വിധേയരാകാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതായിരിക്കും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്നത്. ശരിക്കും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മൊത്തം വധശിക്ഷക്ക് വിധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ഇത്തരം പ്രവൃത്തികള്‍ അവസാനിക്കുകയുള്ളൂ. കത്ത് അയച്ചവരാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അവരെ ശത്രുക്കളായി കാണുന്നത് തന്നെ വലിയ വിഡ്ഢിത്തമാണെന്നും അടൂര്‍ പറഞ്ഞു.

ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെയെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള കലാ - സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതിയിരുന്നു.

ജയ് ശ്രീരാം വിളി മുഴക്കിയതിനല്ല, അതിന്റെ പേരില്‍ കൊലവിളി മുഴക്കിയതിനെതിരെയാണ് കത്തെഴുതിയത് എന്ന് അടൂര്‍ പറഞ്ഞു. ചന്ദ്രയാന്‍ പോയിക്കഴിഞ്ഞു, ആയതിനാല്‍ ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് എടുത്ത് തരികയാണെങ്കില്‍ പോകാന്‍ തയാറാണെന്നും അടൂര്‍ പരിഹസിച്ചു. ഞാനൊരു ദൈവിശ്വാസിയാണ്. ശ്രീരാമനെന്ന് പറയുന്നത് ഉത്തമ പുരുഷനാണ്. ഏറ്റവും നീതിമാനായ പുരുഷന്‍. ദൈവം മാത്രമല്ല, മനുഷ്യനായിട്ട് കണ്ടാല്‍ പോലും മഹത് പുരുഷനാണ്. അദ്ദേഹത്തിനെ ഇങ്ങിനെ അധിക്ഷേപിക്കുന്നത് സഹിക്കാന്‍ പറ്റില്ല. ജയ് ശ്രീ റാം വിളിയെ ഒരു കൊലവിളിയാക്കിയതിനോടാണ് എതിര്‍പ്പ്. ന്യൂനപക്ഷ സമുദായങ്ങളെ അധിക്ഷേപിക്കുകയും അവര്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്ന് അടൂര്‍ പറഞ്ഞു.

ഇതിനെതിരെ നേരത്തെ പ്രതികരിക്കാത്തത് എന്താണെന്നാണ് പലരും ചോദിക്കുന്നത്. എപ്പോഴും പ്രതികരിക്കാന്‍ ഞങ്ങള്‍ പ്രതികരണത്തൊഴിലാളികളൊന്നുമല്ല. ഇത് പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. ജനാധിപത്യം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാ പൌരനുമുണ്ട്. അത് നിഷേധിക്കുന്ന ഒരു അവസരമുണ്ടാകുന്നത് തെറ്റാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമുദായ ലഹളയിലേക്കാണ് ഇത് നയിക്കുന്നത്. ആ കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും കിട്ടാത്തത് കൊണ്ടായിരിക്കുമെന്ന ബി.ഗോപാലകൃഷ്ണന്റെ പരിഹാസത്തോടും അടൂര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് അറിയാന്‍ വയ്യാത്ത ഒരു കാര്യമുണ്ട്. എനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഈ രാജ്യത്ത് കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും തനിക്ക് കിട്ടിയിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു. അല്ലെങ്കില്‍ വല്ല ആഹാരസാധനങ്ങളോ, ജിലേബിയോ മറ്റോ പാഴ്സല്‍ ചെയ്ത് അയച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടേത് ഒരു സമരഗ്രൂപ്പൊന്നുമല്ല, ഇത്രയും ഭീകരമായ അവസ്ഥ കണ്ടിട്ട് പ്രതികരിക്കുന്നതാണ്. ഒന്നു രണ്ട് പേര്‍ എന്ന വടക്കേ ഇന്ത്യയില്‍ നിന്നും വിളിച്ചിരുന്നു. അവര്‍ വളരെ ക്ഷോഭിച്ചാണ് സംസാരിച്ചത്. അവര്‍ക്ക് ഭ്രാന്താണെന്നാണ് എനിക്ക് തോന്നിയത്. ''അവരുടെ ഓരോ അബദ്ധത്തിനും ഞാനെന്തിനാണ് മറുപടി പറയുന്നത് ?'' ജയ് ശ്രീ റാം വിളിക്കാന്‍ വേണ്ടിയാണ് ആളുകള്‍ വോട്ട് ചെയ്തതെന്ന ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള അടൂരിന്റെ പ്രതികരണം ഇതായിരുന്നു.

ये भी पà¥�ें- ‘ജയ് ശ്രീരാം വിളി സഹിക്കുന്നില്ലേൽ അടൂരിന് ചന്ദ്രനിലേക്ക് പോകാം’

Tags:    

Similar News