‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’

അടൂർ ഗോപാലകൃഷ്ണന്‍ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്ന സമീപനം സഹിക്കാനാവുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2019-07-28 14:30 GMT
Advertising

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ കൂടുതല്‍ ‌സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. രാജ്യത്ത് അടിയന്തിരാവസ്ഥക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്ന് കവി സച്ചിതാനന്ദന്‍ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിന് നേരായ കടന്നുകയറ്റമെന്ന് സംവിധായകന്‍ കുമാര്‍ സാഹ്നിയും

അടൂരിനെതിരായ നീക്കം ആശങ്കയുളവാക്കുന്നതാണെന്ന് കവി സച്ചിതാനന്ദന്‍ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ നിഷേധമാണിത്. യു.എ.പി.എ, ആര്‍.ടി.ഐ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനാണ്. സത്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥക്ക് തുല്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് കവി സച്ചിതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം ഹിംസകള്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റമാണെന്ന് സിനിമ സംവിധായകന്‍ കുമാര്‍ സാഹ്നിയും പ്രതികരിച്ചു. ലോക പ്രശസ്തനായ അടൂരിന് പോലും രക്ഷയില്ലാത്ത സ്ഥിതി വരുന്നത് ഏറെ പ്രയാസപ്പെടുത്തുന്നതാണ്. അടൂര്‍ ഏതെങ്കിലും വിഭാഗത്തിനെതിരെ നിലകൊള്ളുന്ന ആളല്ലെന്നും കുമാര്‍ സാഹ്നി കൂട്ടിച്ചേര്‍ത്തു.

ഇത്തരം നീക്കങ്ങളെ കരുതലോടെയും ഏറെ ജാഗ്രതയോടെയും നേരിടേണ്ടതുണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനെത്തുടര്‍ന്നാണ് സംഘ്പരിവാര്‍ അടൂരിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

Tags:    

Similar News