യൂണിവേഴ്‍സിറ്റി കോളജിനകത്ത് ഇനി വനിതാ പൊലീസ് മാത്രം 

കോളജിലെ സംഘർഷങ്ങൾക്കും കത്തിക്കുത്തിനും പിന്നാലെ കോളജിനകത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

Update: 2019-07-30 06:41 GMT
Advertising

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളജിനകത്ത് സുരക്ഷയ്ക്ക് ഇനി വനിതാ പൊലീസ് മാത്രം മതിയെന്ന് കോളജ് കൗൺസിൽ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പൊലീസിന് കത്ത് നൽകി.

കോളജിലെ സംഘർഷങ്ങൾക്കും കത്തിക്കുത്തിനും പിന്നാലെ കോളജിനകത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഒരു എ.എസ്.ഐ അടക്കം അഞ്ച് പൊലീസുകാരാണ് ക്യാംപസിനകത്ത് സുരക്ഷ ഒരുക്കിയത്. എന്നാൽ കോളജ് തുറക്കുകയും എസ്.എഫ്.ഐ പ്രവ‍ർത്തനം സജീവമാക്കുകയും ചെയ്തതോടെ പൊലീസ് പുറത്ത് പോകണമെന്ന് ആവശ്യമുയർന്നു. പൊലീസുകാർ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതായി എസ്.എഫ്.ഐ പ്രിൻസിപ്പലിന് പരാതിയും നൽകി. ഇതിന് പിന്നാലെ, പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ മാത്രം ക്യാംപസിൽ കയറിയാൽ മതിയെന്ന് പൊലീസിന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. എസ്.എഫ്.ഐയുടെ സമ്മർദ്ദത്തിന് ഉന്നത ഉദ്യോഗസ്ഥർ കീഴ്‍പ്പെട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതോടെ കോളജ് കൗൺസിൽ യോഗം ചേർന്ന് ക്യാംപസിനകത്ത് പൊലീസ് സുരക്ഷ വേണമെന്നും എന്നാൽ വനിതാ പൊലീസ് മാത്രം മതിയെന്നും ആവശ്യപ്പെട്ടത്.

Full View

അതേസമയം യൂണിവേഴ്‍സിറ്റി കോളജിൽ നിന്നുള്ള സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള അധ്യാപികയുടെ ഹർജി പരിഗണിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിസമ്മതിച്ചു. കോളജിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായുള്ള തിരുത്തൽ നടപടികളിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലംമാറ്റത്തിനെതിരെ ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോക്ടർ മായാ മാധവനാണ് കോടതിയെ സമീപിച്ചത്. കത്തിക്കുത്ത് സമയത്തെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ വിശ്വംഭരൻ അടക്കം 11 പേരെയാണ് സ്ഥലം മാറ്റി അധ്യാപകർക്കെതിരെ നടപടിയെടുത്തത്.

Tags:    

Similar News