20 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് നാസര്‍ മാനു; നന്മ മരമല്ല, നന്മ നിറഞ്ഞ കാടാണ് മാനുവെന്ന് സോഷ്യല്‍ മീഡിയ

മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകില്ലെന്നും പറ്റാവുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്യണമെന്നും നാസര്‍ ആവശ്യപ്പെട്ടു

Update: 2019-08-15 08:13 GMT
Advertising

മാലിപ്പുറത്തെ നൌഷാദ്, പേരാമ്പ്രയിലെ ലിസി...എല്ലാം തകര്‍ത്തെറിഞ്ഞ മഴക്കാലം ചില നന്‍മ നിറഞ്ഞ ആളുകളെ കൂടി തിരിച്ചറിയാന്‍ നമ്മെ സഹായിച്ചു. ആ നന്‍മ നിറഞ്ഞ ആകാശത്തിലെ മറ്റൊരു തിളങ്ങുന്ന നക്ഷത്രമാണ് മലപ്പുറം സ്വദേശി നാസര്‍ മാനു. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കാമെന്നാണ് മലപ്പുറം പാങ്ങ് സ്വദേശിയായ നാസര്‍ മാനുവിന്റെ വാഗ്ദാനം. കുറ്റിപ്പുറം, പാണ്ടിക്കാട് ഭാഗങ്ങളില്‍ 20 വീടുകള്‍ വയ്ക്കാനുള്ള സ്ഥലം നല്‍കാമെന്നും വീട് വെച്ച് കൊടുക്കാന്‍ തയ്യാറായ സന്നദ്ധ സംഘടനകള്‍ തന്നെ സമീപിക്കണമെന്നും നാസര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മാനു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടുപോകില്ലെന്നും പറ്റാവുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്യണമെന്നും നാസര്‍ ആവശ്യപ്പെട്ടു. സമ്പന്നരായവര്‍ മനസ്സ് വെച്ചാല്‍ നിരവധി കുടുംബങ്ങള്‍ രക്ഷപ്പെടുമെന്നും ജാതിയും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒരുമിച്ച് നിന്ന് പ്രശ്‌നം നേരിടാമെന്നും നാസര്‍ പറഞ്ഞു. നാസറിന്റെ നിലപാടിനെ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നന്‍മ മരമല്ല, നന്‍മ നിറഞ്ഞ കാടാണ് നാസര്‍ മാനുവെന്നാണ് കമന്റുകള്‍ പറയുന്നത്.

നാസര്‍ മാനുവിന്റെ വാക്കുകള്‍

ഞാന്‍ നാസര്‍ മാനു. വയനാടിലെയും നിലമ്പൂരിലെയും സ്ഥിതി കാണാന്‍ വയ്യ. രണ്ട് ദിവസമായി അവിടെ തന്നെയായിരുന്നു. ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. വീടില്ലാത്തവരുടെയും വീടുള്ളവരുടെ വീടിനകത്തെ അവസ്ഥയും നേരിട്ട് കണ്ടു. ഒറ്റപ്പെട്ട് വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ പോലും എത്തിയിട്ടില്ല. ഭയങ്കര ദയനീയാവസ്ഥയാണ്.

ഒരുപാട് പേര്‍ക്ക് വീടും സ്ഥലവും പോയിട്ടുണ്ട്. അവിടെ അവര്‍ക്ക് താമസിക്കാന്‍ കഴിയില്ല. കുറ്റിപ്പുറത്തും പാണ്ടിക്കാടും 20 വീടുകള്‍ വെയ്ക്കാനുള്ള സ്ഥലം ഞാന്‍ കൊടുക്കാം. അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം. ഒരുപാട് പേര്‍ സഹായവുമായി എത്തുന്നുണ്ട്. അര്‍ഹതപ്പെട്ട പാവങ്ങള്‍ക്ക് നമുക്ക് പറ്റുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് വലിയ കാര്യമാണ്. അവര്‍ക്ക് വീടുവെച്ച് നല്‍കാന്‍ തയ്യാറാകുന്ന സന്നദ്ധ സംഘടനകള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരുക. വളരെ നല്ല സ്ഥലമാണ്. റോഡുകള്‍ ഉള്ള നിരന്നുകിടക്കുന്ന ഭൂമിയാണ്.

ഇനി ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ. ഒരുപാട് പേര്‍ ലോണ്‍ എടുത്തിട്ടും ക്യാന്‍സര്‍, കിഡ്‌നി ചികിത്സയുടെ പേരില്‍ നരകിക്കുകയാണ്. അതിനിടയിലാണ് ഇങ്ങനെയൊരു വലിയൊരു ഭാരംകൂടി തലയില്‍ വന്നത്. ജാതിയും മതവും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കുക. ഒറ്റക്കെട്ടായി നിന്നാല്‍ നമ്മുടെ നാട്ടിലെ ഏത് പ്രശ്‌നവും തീരും. സമ്പന്നരായവര്‍ ഒന്ന് മനസ്സുവെച്ചാല്‍ എത്ര ആളുകളാണ് രക്ഷപ്പെടുക… മരിക്കുമ്പോള്‍ നമ്മള്‍ ആരും ഇതൊന്നും കൊണ്ടുപോകില്ല. അതിന് ശേഷം സ്വത്തിന് വേണ്ടി മക്കള്‍ തമ്മില്‍ കേസും തല്ലുമാകും. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് ആ കബറില്‍ കിടക്കാന്‍ പോലും സുഖം കിട്ടില്ല. ജാതിയും രാഷ്ട്രീയവും ഒന്നും നോക്കാതെ സഹായിക്കുക.

നാസര്‍ മാനുവിന്റെ ഫോണ്‍ നമ്പര്‍: 9745555558

പാവ, പെട്ട 20 കുടുബ്ബങ്ങൾക്ക് വീട് വെക്കാൻ സ്തലം ഞാന് നൽകാം 9745555558. 14,,8,,2019

Posted by Nazar Maanu on Wednesday, August 14, 2019
Tags:    

Similar News