കവളപ്പാറയില്‍ നിന്ന് ആറു മൃതദേഹം കൂടി കണ്ടെത്തി; ജി.പി.ആര്‍ സംവിധാനമുപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ല 

ജി.പി.ആര്‍ സംവിധാനമുപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ലെന്ന് ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ വിലയിരുത്തല്‍.

Update: 2019-08-18 13:14 GMT
Advertising

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ആറു മൃതദേഹം കൂടി കണ്ടെത്തി. 46 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാല്‍ ജി.പി.ആര്‍ സംവിധാനമുപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ലെന്ന് ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രദേശത്തെ വെള്ളത്തിന്‍റെ സാന്നിധ്യം കാരണം ജി.പി.ആര്‍ സംവിധാനത്തിന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്നും പ്രിന്‍സിപ്പള്‍ സയന്‍റിസ്റ്റ് ആനന്ദ് കെ പാണ്ഡെ പറഞ്ഞു.

ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം രാവിലെ പത്തു മണിയോടെയാണ് പ്രദേശത്തെത്തിയത്. പ്രിൻസിപ്പള്‍ ശാസ്ത്രജ്ഞൻ ആനന്ദ് കെ പാണ്ഡെയുടെ നേതൃത്വത്തിൽ രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതായിരുന്നു സംഘം. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 8 സ്ഥലങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചു. എന്നാൽ ഇവിടെ നിന്നും ആളുകളെ കണ്ടെത്താനായില്ല.

വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് റഡാർ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചത്. പത്താം ദിവസവും സന്നദ്ധ സംഘടനകളുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള പതിവ് തെരച്ചിൽ നടന്നിരുന്നു. അതേസമയം മുഴുവനാളുകൾക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ കണ്ടെത്തിയ സൈനികൻ വിഷ്ണുവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കവളപ്പാറയിലെ തറവാട്ടു വീട്ടിൽ സംസ്കരിച്ചു.

Tags:    

Similar News