മരട് ഫ്ളാറ്റ് കേസ്; സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം 

സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നു സുപ്രീംകോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു.

Update: 2019-09-23 13:46 GMT
Advertising

മരട് കേസിൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന സർക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശം. കേരളത്തിലെ അനധികൃത നിർമാണങ്ങൾ തടയുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. മുഴുവൻ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാമെന്നാണ് കോടതിയിൽ സർക്കാരിൻറ ഉറപ്പ്. വിശദമായ ഉത്തരവ് വെള്ളിയാഴ്ച ഇറക്കും.

കേസ് പരിഗണിച്ച ഉടനെ തന്നെ കോടതി ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. ഫ്ളാറ്റ് പൊളിക്കാൻ എത്ര സമയം വേണ്ടിവരുമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ ആദ്യ ചോദ്യം. മൂന്ന് മാസത്തോളം വേണ്ടിവരുമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിനെ കടുത്ത ഭാഷയില്‍ വിമർശിച്ചു.

കേരളത്തിൽ പ്രളയത്തിൽ എത്ര പേരാണ് മരിച്ചതെന്ന് കോടതി ചോദിച്ചു. സർക്കാർ നിയമലംഘകരെ സംരക്ഷിക്കുകയാണ്. സർവകക്ഷി യോഗം വിളിച്ച് ആളുകളെ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാരിന്റേത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടിയെന്നും കോടതി വിമർശിച്ചു.

Full View

ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തെയും വിമർശിച്ചു. എത്ര സമയത്തിനകം ഫ്ലാറ്റുകൾ പൊളിക്കുമെന്ന് വ്യക്തമാക്കിയില്ല. തങ്ങൾ വിഡ്ഢികളാണോയെന്ന് ആരാഞ്ഞ കോടതി കേരളത്തിലെ മുഴുവൻ തീരദേശ ലംഘനവും പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി. അനധികൃത നിർമാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി താക്കീത് നൽകി.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിൻറ കൃത്യമായ രൂപരേഖ വെള്ളിയാഴ്ചക്കകം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് വ്യക്തമാക്കി.

Tags:    

Similar News