ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ; എന്താണ് ഈ രാജ്യത്ത് നടക്കുന്നത്: വിമര്‍ശവുമായി അടൂര്‍

കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ ചോദിച്ചു 

Update: 2019-10-04 07:34 GMT
Advertising

വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

Full View

കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അടൂര്‍ ചോദിച്ചു. രാജ്യത്ത് നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരു കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കോടതി ഈ കേസ് അഡ്മിറ്റ് ചെയ്തതിലാണ് ആശങ്കയെന്നും അടൂര്‍ പ്രതികരിച്ചു.

വളരെ ആശങ്കാജനകമാണ് ഇത്. ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ, എന്തെങ്കിലും ഒരു കോമണ്‍ സെന്‍സുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ? തുടര്‍ന്ന് എന്താണ് ഉണ്ടാകുന്നതെന്നല്ല. കേസ് അഡ്മിറ്റ് ചെയ്തത് തന്നെ വളരെ ജനാധിപത്യവിരുദ്ധമായിട്ടുള്ള, നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ തന്നെ സംശയമുണ്ടാക്കുന്ന നടപടിയാണെന്നും അടൂര്‍ പറഞ്ഞു.

രാജ്യത്ത് സ്വൈര്യ ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഏതെങ്കിലും പ്രത്യേക കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന കാര്യമാണ് ചെയ്തത്. ഒരു അനീതി നടക്കുന്നു എന്ന് കണ്ടിട്ടാണ് പ്രധാനമായും കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വളരെ വിനീതനായി എഴുതിയ എഴുത്താണ്. വളരെ ധിക്കാരപരമായി എഴുതിയതല്ല. അദ്ദേഹത്തിന്റെ ശ്രദ്ധയുണ്ടാകണം പരിഹാരം കാണണം എന്ന് കരുതി എഴുതിയതാണ്. കത്തെഴുതിയ 49 പേരില്‍ ആരും രാഷ്ട്രീയക്കാരല്ല. സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്. ആര്‍ക്കും രാഷ്ട്രീയ താത്പര്യവുമില്ല.

രാജ്യം സ്വതന്ത്ര രാഷ്ട്രമായി ശേഷിക്കുമ്പോള്‍ അത് മാറിപ്പോയാല്‍ പിന്നെ പറയാന്‍ വയ്യ. ഇപ്പോഴും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വിശ്വാസത്തിലാണ് ആ എഴുത്ത് എഴുതിയത്. അതിനെ സാധാരണ ഗതിയില്‍ ഭരണകൂടം ചെയ്യേണ്ടത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി എന്താണ് സൂചിപ്പിക്കുന്നത് അത് പരിഹാരം കാണുകയാണ് വേണ്ടത്. അതിന് പകരം കോടതിയില്‍ കേസുകൊടുക്കുക എന്നത് വളരെ , കോടതി അത് അഡ്മിറ്റ് ചെയ്തതിലാണ് ആശങ്ക. – അടൂര്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയറിയിച്ചത് മോദിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നു; അടൂരടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ കത്ത് എഴുതിയതിന് പിന്നാലെ ചൊവ്വയിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. അത് ആശങ്കയുളവാക്കുന്നതാണോ എന്ന ചോദ്യത്തിന് മിക്കവാറും ഇനി ബീഹാര്‍ ജയിലിലേക്കായിരിക്കും എന്നായിരുന്നു അടൂരിന്റെ മറുപടി. ‘തീഹാര്‍ ജയിലിലേക്കല്ല. ബീഹാറിലേക്ക്. ഇത് ബീഹാറില്‍ നിന്നാണല്ലോ വന്നിരിക്കുന്നത്. ബീഹാറില്‍ നിന്ന് വേണമെങ്കില്‍ തീഹാറിലേക്കും പോകാം. ‘- അടൂര്‍ പറഞ്ഞു.

സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി, ശുഭ മുദ്ഗല്‍, അപര്‍ണ സെന്‍ തുടങ്ങിയവര്‍‌ക്കെതിരെയാണ് ബിഹാറിലെ മുസാഫര്‍പുര്‍ പൊലീസ് കേസെടുത്തത്.

Tags:    

Similar News