ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന എന്‍.എസ്.എസ് നിലപാട് പുനപരിശോധിക്കണമെന്ന് കോടിയേരി

എന്‍.എസ്.എസ് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഗണന കൊടുക്കുമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു

Update: 2019-10-09 06:20 GMT
Advertising

ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കുമെന്ന എൻ.എസ്.എസ് നിലപാട് രാഷ്ട്രീയ വിവാദമാവുന്നു. ശരിദൂര നിലപാടിനെതിരെ സി.പി.എം രംഗത്ത് വന്നു. തീരുമാനം എൻ.എസ്.എസ് പുനഃപരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ശബരിമല-സംവരണ വിഷയങ്ങളിൽ എൽ.ഡി.എഫിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസ് നേതൃത്വം തീരുമാനിച്ചത്. എൻ.എസ്.എസിന്റേത് പരസ്യമായ യു.ഡി.എഫ് ആഭിമുഖ്യമാണെന്ന് വിമർശനമുയർന്നതിന് പിന്നാലെ സി.പി.എം മറുപടിയുമായി രംഗത്ത് വന്നു. സമുദായത്തിലെ അംഗങ്ങൾ പോലും ആഗ്രഹിക്കുന്ന തീരുമാനമല്ല എൻ.എസ്.എസ് നേതൃത്വമെടുത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

എൻ.എസ്.എസിനോട് സർക്കാറിന് നിഷേധാത്മകമായ സമീപനമില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം നായർ വോട്ടുകൾ നിർണ്ണായകമായ വട്ടിയൂർകാവ്,കോന്നി മണ്ഡലങ്ങളിൽ എൻ.എസ്.എസ് നിലപാട് യു.ഡി.എഫിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.തീരുമാനത്തെ സ്വാഗതം ചെയ്ത് നേരത്തെ യു.ഡി.എഫ് രംഗത്ത് വന്നിരുന്നു. വസ്തുതകൾ മനസിലാക്കിയുളള പ്രതികരണമാണ് എൻ.എസ്.എസിന്റെതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

Tags:    

Similar News