പൗരത്വ നിയമം എന്തെന്ന് ബി.ജെ.പിക്കാരെ പഠിപ്പിച്ച മോഹനന്‍ നായര്‍

താന്‍ ഒരു മണിക്കൂര്‍ പ്രസംഗിച്ചാലും മോഹനന്‍ നായരെ പോലെ ഇത്ര ലളിതമായി പൗരത്വ നിയമം എന്തെന്ന് പറയാനാവില്ലെന്ന് വി.ഡി സതീശന്‍

Update: 2020-01-17 05:22 GMT
Advertising

പൗരത്വ ഭേദഗതി നിയമം പഠിപ്പിക്കാന്‍ വന്ന ബി.ജെ.പി നേതാക്കളെ എന്താണ് ആ നിയമം എന്ന് അങ്ങോട്ട് പഠിപ്പിച്ച മോഹനന്‍ നായരുടെ കഥയുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് ബി.ജെ.പി നേതാക്കള്‍ ഭവന സന്ദര്‍ശനത്തിനിറങ്ങിയപ്പോഴുണ്ടായ സംഭവമാണ് സതീശന്‍ പറഞ്ഞത്.

ബി.ജെ.പി നേതാക്കള്‍ ആദ്യം പോയത് വഞ്ചിയൂരില്‍ ഒരു മോഹനന്‍ നായരുടെ വീട്ടിലേക്കാണ്. മോഹനന്‍ നായര്‍ വീട്ടിന് പുറത്തേക്ക് ഇറങ്ങിവന്നു. എന്താ വന്നതെന്ന് മോഹനന്‍ നായര്‍. പൗരത്വ ബില്‍ പഠിപ്പിക്കാനാണെന്ന് ബി.ജെ.പിക്കാര്‍. അപ്പോള്‍ മോഹനന്‍ നായര്‍ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ബ്രാഹ്മണന്മാരുണ്ടോ? ഇല്ല എന്ന് ഉത്തരം. നായന്മാരുണ്ടോ? രണ്ടു മൂന്ന് പേര്‍ മുന്നിലോട്ട് കടന്നുവന്നു. നായന്മാര്‍ മാത്രം അകത്തുവാ എന്ന് പറഞ്ഞു മോഹനന്‍ നായര്‍. പുറത്തുനിന്നവര്‍ മ്ലാനവദനരായി. താഴെ നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം വിഷമമായല്ലേ എന്ന് മോഹനന്‍ നായര്‍. അതുപിന്നെ വിഷമം ആവാതിരിക്കുമോ? ഞങ്ങളെ മാത്രം പുറത്തുനിര്‍ത്തി അപമാനിച്ചില്ലേ എന്ന് പുറത്തുനിന്നവര്‍. അപ്പോള്‍ മോഹനന്‍ നായര്‍ പറഞ്ഞു ഇതാണ് പൌരത്വ നിയമം. അതുമനസ്സിലാക്കി തരാനാണ് ഇങ്ങനെ ചെയ്തത്.

എത്ര ലളിതമായിട്ടാണ് മോഹനന്‍ നായര്‍ ഇക്കാര്യം വിശദീകരിച്ചത്? കുറേ ആളുകളെ അകത്തുകയറ്റുന്നു. കുറേ ആളുകളെ പുറത്തുനിര്‍ത്തുന്നു. പുറത്തുനിര്‍ത്തിയാലുണ്ടാകുന്ന വിഷമം നിങ്ങള്‍ക്ക് മനസ്സിലായില്ലേ? താന്‍ ഒരു മണിക്കൂര്‍ പ്രസംഗിച്ചാലും മോഹനന്‍ നായരെ പോലെ ഇത്ര ലളിതമായി പൌരത്വ നിയമം എന്തെന്ന് പറയാനാവില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. മോഹനന്‍ നായര്‍ക്കൊരു ബിഗ് സല്യൂട്ട്. രാജ്യത്തുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പൌരത്വ നിയമത്തെ ഇങ്ങനെയാണ് കാണുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Full View
Tags:    

Similar News