പൌരത്വ ഭേദഗതിക്കെതിരെ യു.ഡി.എഫിന്റെ മനുഷ്യഭൂപടം ഇന്ന്; വയനാട്ടില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്

രാഹുലിന്റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ വാഹനങ്ങള്‍ ബൈപ്പാസ് വഴി മാത്രമേ കടത്തിവിടുകയുള്ളൂ.

Update: 2020-01-30 02:22 GMT
Advertising

പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചാണ് നടത്തുന്നത്. മനുഷ്യഭൂപടത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. വൈകീട്ട് നാല് മണിക്ക് ട്രയല്‍ കഴിഞ്ഞ ശേഷം 5 മണിക്കാണ് ഭൂപടത്തില്‍ അണിനിരക്കുന്നത്.

തിരുവനന്തപുരത്ത് എ.കെ. ആന്റണിയും കൊല്ലത്ത് വി.എം. സുധീരനും നേതൃത്വം നല്‍കും. മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയുമാകും നേതൃത്വം വഹിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ നേതൃത്വം നല്‍കും

Full View

പൌരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധി എം.പി സ്വന്തം മണ്ഡലത്തില്‍ നടത്തുന്ന ഭരണഘടനാസംരക്ഷണ റാലിയും പൊതുസമ്മേളനവും ഇന്ന് കല്‍പ്പറ്റയില്‍ നടക്കും. രാവിലെ 10ന് കല്പറ്റ എസ്‌.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും.

കാലത്ത് 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി, ദേശീയ പതാകയുമേന്തി രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കും. തൊട്ടുപിന്നിലായി ദേശീയ പതാകയേന്തിയ 5000 ത്തോളം പ്രവര്‍‍ത്തകര്‍ അണിനിരക്കും, പിന്നില്‍ ഗാന്ധിജിയുടെ വേഷമണിഞ്ഞെത്തുന്ന വളണ്ടിയര്‍മാരടക്കം 20000 ത്തോളം പേര്‍ റാലിയുടെ ഭാഗമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന റാലിയില്‍ രാഹുല്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.

രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ വാഹനങ്ങള്‍ ബൈപ്പാസ് വഴി മാത്രമേ കടത്തിവിടുകയുള്ളൂ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ റാലി സംഘടിപ്പിക്കുന്നത്.

Full View
Tags:    

Similar News