ടി.പി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനം അലങ്കോലമായി; മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

Update: 2020-03-11 12:43 GMT
Advertising

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യമുന്നയിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്ന സെന്‍കുമാര്‍ അനുകൂലികള്‍ ക്ഷുഭിതരായി തടയാന്‍ ശ്രമിക്കുകയായിരുന്നു.

സെന്‍കുമാര്‍-സുഭാഷ് വാസു സഖ്യത്തിന്റെ പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊല്ലത്ത് യോഗം വിളിച്ചിരുന്നു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിന് മുന്നോടിയായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എസ്.എന്‍.ഡി.പി മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവും യോഗത്തിലുണ്ടായിരുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ കോവിഡ് 19 പടരില്ലെന്ന സെന്‍കുമാറിന്റെ വിവാദപരാമര്‍ശത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അത് വിദഗ്ദരുടെ അഭിപ്രായമാണെന്ന് സെന്‍കുമാര്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ഹാളിലുണ്ടായ അണികള്‍ ക്ഷുഭിതരായി എഴുന്നേറ്റു. ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചു.

ഈയിടെ ടി.പി സെന്‍കുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു.

Tags:    

Similar News