കെ.എം ഷാജി നുണ പ്രചരിപ്പിക്കുന്നു, ലീഗ് തിരുത്തണം: കെ.ടി ജലീല്‍

Update: 2020-04-16 09:15 GMT
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം ഷാജി നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കെ.ടി ജലീല്‍. മുഖ്യമന്ത്രിയോട് രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ക്ക് ആ വിയോജിപ്പുകള്‍ പറയാം. എന്നാല്‍ അസത്യം സത്യമാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് അപരാധമാണ്. മുസ്‍ലിം ലീഗ് പാര്‍ട്ടി കെ.എം ഷാജിയെ തിരുത്തണം. ന്യായീകരിക്കുകയല്ല വേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ലീഗില്‍ തനിക്ക് പരിചയമുള്ളവരോട് സംസാരിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷവും പറഞ്ഞത് ഷാജിയുടെ നിലപാട് ശരിയായില്ല എന്നാണ്. ഇതൊന്നും പറയേണ്ട സമയമല്ലിത് എന്നാണ്. ഷാജിയുടെ പല നിലപാടുകളും അതിര് കടന്നതാവാറുണ്ടെന്ന് നമുക്കറിയാം. ഈ സന്ദര്‍ഭത്തിലെങ്കിലും അത് വേണ്ടെന്ന് വെയ്ക്കേണ്ടതായിരുന്നുവെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റ് ദുരന്തങ്ങള്‍ പോലെയല്ല. കുറേ നിയന്ത്രണങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരും പാലിക്കേണ്ടതുണ്ട്. പ്രളയ കാലത്തെ പോലെ കൈ മെയ് മറന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്താനാവില്ല. സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഈ സാഹചര്യം മനസ്സിലാക്കിയാണ് കക്ഷി രാഷ്ട്രീയം നമ്മള്‍ മറന്നതെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേക സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനം വിലക്കിയതല്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.

കോവിഡിനെതിരായ പ്രതിരോധത്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ.എം.ഷാജി പരിഹസിച്ചതോടെയാണ് ഈ വാഗ്വാദങ്ങളുടെ തുടക്കം. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽ നിന്നു പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി. ഭയപ്പെടുത്തി നിശബ്ദനാക്കാനാവില്ലെന്ന് പറഞ്ഞ കെ.എം ഷാജി, ദുരിതാശ്വാസഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണം ഇന്നും ആവര്‍ത്തിച്ചു.

Tags:    

Similar News