സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

റെഡ് സോണിലും ഹോട് സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല.

Update: 2020-05-16 10:55 GMT
Advertising

സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയാണ് പ്രവര്ത്തനം. കോടതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.

കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതിയിലെ കോടതി മുറിക്കുള്ളില്‍ സർക്കാർ അഭിഭാഷകർക്ക് പുറമെ പ്രവേശനം ആറു അഭിഭാഷകർക്ക് മാത്രമാണ് പ്രവേശനം. എട്ട് കോടതികൾ വീഡിയോ കോൺഫറൻസിങ് വഴി കേസുകൾ പരിഗണിക്കും.

ഹൈക്കോടതിയിലേക്ക് പ്രവേശനം മൂന്നു ഗേറ്റുകളിൽ കൂടി മാത്രമായിരിക്കും. പൊതു ജനങ്ങള്ക്കും നിയന്ത്രണമുണ്ട്. കേസുകൾ പരിഗണിക്കുന്ന സമയതല്ലാതെ അഭിഭാഷകർ കോടതിയിൽ പ്രവേശിക്കുന്നതിനും വിലക്കേര്പെടുത്തിയിട്ടുണ്ട്.

പുതുതായി ഫയൽ ചെയ്യുന്ന കേസുകൾ വീഡിയോ കോൺഫെറെൻസിങ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. കീഴ്‌ക്കോടതികളുടെ പ്രവർത്തനം സംബന്ധിച്ചും ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്കോടതികളുടെയും പ്രവർത്തനം.

ജഡ്ജി ഉൾപ്പെടെ 10 പേർ മാത്രമേ ഒരു സമയം കോടതിയിൽ ഉണ്ടാകാവു. കേസുമായി ബന്ധപ്പെട്ടവർക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളിൽ പ്രവേശനം. കോടതി മുറിക്കു പുറത്തും ആളുകൾ കൂട്ടം കൂടാൻ അനുവദിക്കരുത്. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ വ്യക്തികൾ നേരിട്ട് ഹാജരാകാൻ നിർദേശിക്കരുത്.

അഞ്ചു വർഷത്തിലധികം പഴക്കമുള്ള കേസുകൾക്ക് കോടതികൾ മുൻഗണന നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ലോക്ക് ഡൗൺ മൂലം ആർക്കെങ്കിലും കോടതിയിൽ എത്താൻ കഴിയാതെ പോയാൽ അവർക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ റെഡ് സോണിലും ഹോട് സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല.

Tags:    

Similar News