ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‍സ് മരിച്ചു

കഴിഞ്ഞ മാസം 28 ന് ബിസ്‍മിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Update: 2020-06-02 03:36 GMT
Advertising

ഡൽഹിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്‍മി സ്‍കറിയയാണ് മരിച്ചത്. 22 വയസായിരുന്നു. കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ സ്കറിയ മാത്യുവിന്‍റെ മകളാണ്.

കഴിഞ്ഞ മാസം 28 ന് ബിസ്‍മിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിലെ നഴ്‌സ്‌ ആയിരുന്നു.

നഴ്‌സിങ് പഠനം പൂർത്തിയാക്കി മൂന്നുമാസം മുമ്പാണ് ബിസ്‍മി മേദാന്തയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് വാർഡിൽ രോഗികളെ ചികിത്സിച്ചതിനെത്തുടർന്ന് സമ്പർക്കം വഴിയാണ് രോഗം പടർന്നതെന്നാണ് സൂചന.

അതേസമയം ഡല്‍ഹി എയിംസ് ആശുപത്രിയിൽ ഡയറക്ടറുടെ റൂമിനു മുന്നിൽ ഇന്നും നഴ്സുമാർ പ്രതിഷേധിക്കും. 9 മണിക്ക് പ്രതിഷേധം ആരംഭിക്കും. പിപിഇ കിറ്റുകൾ അണിഞ്ഞുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. എയിംസ് നഴ്സസ് യൂണിയൻറെ നേതൃത്വത്തിലാണ് പ്രതിഷേധം. വനിതാ നഴ്സുമാർക്ക് സുരക്ഷ ഉറപ്പാക്കണം, ഡ്യൂട്ടി കാലയളവിൽ ഭക്ഷണം, താമസം, യാത്ര എന്നിവ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗബാധ വർധിച്ച സാഹചര്യത്തിലാണ് നഴ്സുമാർ പ്രതിഷേധത്തിന് ഇറങ്ങിയത്. എയിംസിൽ 198 ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിചിട്ടുണ്ട്.

Tags:    

Similar News