കേരളത്തിലേക്ക് മടങ്ങാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; തീരുമാനത്തിനെതിരെ ചെന്നിത്തല ഉപവസിക്കും

ഗൾഫ് രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്

Update: 2020-06-17 08:02 GMT
Advertising

ഗൾഫ് രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്. 19ാം തിയതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ 12 മണിക്കൂര്‍ ഉപവാസം കാസര്‍കോട് പുരോഗമിക്കുകയാണ്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ 12 മണിക്കൂര്‍ ഉപവാസം കാസര്‍കോട് ആരംഭിച്ചു. രാവിലെ 7 മണിക്ക് തുടങ്ങിയ ഉപവാസം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. പ്രവാസി വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്ന ഉപവാസം വൈകിട്ട് 7 മണിക്ക് സമാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സിലൂടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Tags:    

Similar News