കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്, ആംബുലന്‍സുകളുടെ ലൈറ്റ് തെളിയിച്ച് പിറന്നാള്‍ ആഘോഷം: ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംസ്ഥാന അതിർത്തിയിലെ പരിശോധനാ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരാണ് വ്യാഴാഴ്ച വൈകിട്ട് റോഡിൽ പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

Update: 2020-06-28 03:47 GMT
Advertising

കോവിഡ് ജാഗ്രതാ നിർദേശങ്ങള്‍ ലംഘിച്ച് കുമളി ചെക്ക് പോസ്റ്റിന് സമീപം പിറന്നാള്‍ ആഘോഷം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

സംസ്ഥാന അതിർത്തിയിലെ പരിശോധനാ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരാണ് വ്യാഴാഴ്ച വൈകിട്ട് റോഡിൽ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയും അത്യാവശ്യ കാര്യങ്ങള്‍ക്കായി അതിര്‍ത്തിയില്‍ സജ്ജമാക്കിയ മൂന്ന് ആംബുലന്‍സുകളുടെ ലൈറ്റ് തെളിയിച്ചുമായിരുന്നു ആഘോഷം. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർ തന്നെ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പ്രാഥമികാന്വേഷണത്തിൽ കോവിഡ് ജാഗ്രതാ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് കുമളി എസ്.ഐ പ്രശാന്ത് വി. നായർ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് ദിനം പ്രതി നൂറുകണക്കിനാളുകള്‍ കടന്നു പോകുന്ന പരിശോധനാ കേന്ദ്രമാണ് കുമളിയിലേത്. ഇതുവഴി കടന്നുപോയ പലര്‍ക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Full View
Tags:    

Similar News