കുട്ടനാട് സിപിഎമ്മില്‍ പൊട്ടിത്തെറി; സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന്
യു.ഡി.എഫിന്റെ നാല് മെമ്പർമാർക്കൊപ്പം സി.പിഐഎമ്മിന്റെ മൂന്ന് മെമ്പർമാരുമാണ് അവിശ്വാസത്തിൽ ഒപ്പിട്ടത്
ആലപ്പുഴ: കുട്ടനാട്ടിൽ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസിനും എതിരെയാണ് നോട്ടീസ് നൽകി യത്. യു.ഡി.എഫിന്റെ നാല് മെമ്പർമാർക്കൊപ്പം സി.പിഐഎമ്മിന്റെ മൂന്ന് മെമ്പർമാരുമാണ് അവിശ്വാസത്തിൽ ഒപ്പിട്ടത്.
രാമങ്കരിയിലെ സിപിഎമ്മിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചാത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെ പുറത്താക്കാനുള്ള നീക്കത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നാണ് സൂചന.
രാമങ്കരി ഗ്രാമ പഞ്ചായത്തിൽ ഒമ്പത് അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. അതിൽ അഞ്ച് പേർ പാർട്ടി നേതൃത്വവുമായി ഉടക്കി നിൽക്കുകയാണ്. ബാക്കിയുള്ള നാല് പേരിൽ മൂന്ന് പേർ പാർട്ടിയോട് ചേർന്നു നിൽക്കുകയും ഒരാൾ നിഷ്പക്ഷത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്ത്തിൽ നിരവധി സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു. ഈ വിഷയം കുട്ടനാടൻ സിപിഎമ്മിലെ വിഭാഗീയത മറ്റൊരു തലത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ്.